കാണാതായ പെൺകുട്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇരിട്ടി: ചൊവ്വാഴ്ച ഉച്ചയോടെ കാണാതായ ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ട് അറബിയിലെ 15കാരിയുടെ മൃതദേഹം കൂട്ടുപുഴ പുതിയ പാലത്തിനു സമീപം ബാരാപുഴയിൽ കണ്ടെത്തി. ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനി നടുവിലെ പുരക്കൽ ദുർഗയുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ പുഴയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ച മുതൽ ദുർഗയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രതീഷ് ഉളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും നാട്ടുകാരും മേഖലയിലാകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ ദുർഗ സമീപത്തെ ടൗണിൽനിന്ന് ഓട്ടോറിക്ഷ പിടിച്ച് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വന്നിറങ്ങിയിരുന്നു. രക്തം ടെസ്റ്റ് ചെയ്യാൻ പോകണം എന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ വിളിച്ചത്. മൂന്നുമണിയോടെ കൂട്ടുപുഴ പാലത്തിന് മുകളിലൂടെ നടന്ന് മാക്കൂട്ടം ഭാഗത്തേക്ക് ദുർഗ പോകുന്നത് ചിലർ കണ്ടിരുന്നു.
പ്രദേശത്തെ നിരീക്ഷണ കാമറയിലും മൊബൈലിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. എന്നാൽ, മാക്കൂട്ടത്തെ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലെ നിരീക്ഷണ കാമറ പരിശോധിച്ചെങ്കിലും അതുവഴി കടന്നുപോയതായി കണ്ടെത്തിയില്ല. കൂട്ടുപുഴ പാലത്തിനുസമീപത്തുനിന്ന് വണ്ടിയിൽ മൈസൂരു, ബംഗളൂരു ഭാഗത്തേക്ക് പോയിരിക്കാം എന്ന സംശയത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.
ബുധനാഴ്ച രാവിലെ പാലത്തിന് സമീപം വണ്ടി നിർത്തി പുഴയിലേക്ക് ഇറങ്ങിയ രണ്ടു യുവാക്കളാണ് പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം ആദ്യം കണ്ടത്. ഉടൻതന്നെ നാട്ടുകാരെ അറിയിച്ചു. ഉളിക്കൽ പൊലീസും ഇരിട്ടി പൊലീസും സ്ഥലത്തെത്തി. ഉച്ചക്ക് 12 മണിയോടെ ഫോറൻസിക് സംഘമെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ച് ഇൻക്വസ്റ്റ് നടത്തി. പിന്നീട് മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ, ഉളിക്കൽ, ഇരിട്ടി സ്റ്റേഷനുകളിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.മാതാവ്: സിന്ധു. സഹോദരങ്ങൾ: ദർശന, ദർശൻ.