ഇതിഹാസനായകൻ പൊൻകുന്നം വർക്കിയുടെ ഓർമ്മകൾക്ക് ഇന്ന് രണ്ട് പതിറ്റാണ്ടിന്റെ തിളക്കം
2004 ജൂലായ് 1ന് പിറന്നാൾ ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പാമ്പാടിയിലെ വീട്ടിലെത്തി ആദരിച്ചു
പൊൻകുന്നം:ഇന്നലെയായിരുന്നു ജന്മദിനം. ഇന്ന് ചരമദിനവും. ഇതിഹാസനായകൻ പൊൻകുന്നം വർക്കിയുടെ ഓർമ്മകൾക്ക് ഇന്ന് രണ്ട് പതിറ്റാണ്ടിന്റെ തിളക്കം. 2004 ജൂലായ് 1ന് പിറന്നാൾ ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പാമ്പാടിയിലെ വീട്ടിലെത്തി ആദരിച്ചു. പിറ്റേന്നായിരുന്നു വർക്കിയുടെ മരണം. ഓർമ്മദിനങ്ങൾ ഇടവേളയില്ലാതെ കടന്നുവരുമ്പോൾ നിഷേധിയായ കഥാകാരന്റെ ശബ്ദം സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ഇന്നും മുഴങ്ങുന്നുണ്ട്. 1911ൽ ആലപ്പുഴ ജില്ലയിലെ എടത്വായിലായിരുന്നു വർക്കിയുടെ ജനനം. അച്ഛന്റെ മരണശേഷം അമ്മയുടെ നാടായ പൊൻകുന്നത്തെത്തി. ബാല്യത്തിൽ ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു. പൊൻകുന്നത്ത് പഠിച്ച സ്‌കൂളിൽ തന്നെ അദ്ധ്യാപകനായി ജോലിനോക്കി. മാനേജ്‌മെന്റുമായുള്ള അഭിപ്രായവ്യത്യാസത്തിൽ ജോലി രാജിവെച്ചു. പിന്നെ പോരാട്ടത്തിന്റെ നാളുകളായിരുന്നു.അത് എഴുത്തിൽ മാത്രമായി ഒതുങ്ങിയില്ല.തിരുവിതാംകൂർ ദിവാൻഭരണത്തെ എതിർത്ത് സമരരംഗത്ത്. കഥകളെഴുതിയതിന്റെ പേരിൽ കൈവിലങ്ങ്,മാപ്പ് പറയുന്നോ ജയിലിൽ പോകുന്നോ എന്ന ചോദ്യത്തിന് ജയിൽമതി എന്ന് മറുപടി. അതായിരുന്നു പൊൻകുന്നം വർക്കി.