പാഠങ്ങള്‍ പൂര്‍ത്തിയായില്ല; ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി
അക്കാദമിക കലണ്ടർ കണക്കിലെടുക്കാതെ, ക്ലാസുകള്‍ പൂർത്തിയാകുന്നതിന് മുൻപ് തന്നെ പരീക്ഷ നടത്താൻ തീരുമാനിച്ചതില്‍ വ്യാപകമായി പരാതികള്‍

കോഴിക്കോട് : ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകള്‍ മാർച്ചിലേക്ക് മാറ്റി. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.അക്കാദമിക കലണ്ടർ കണക്കിലെടുക്കാതെ, ക്ലാസുകള്‍ പൂർത്തിയാകുന്നതിന് മുൻപ് തന്നെ പരീക്ഷ നടത്താൻ തീരുമാനിച്ചതില്‍ വ്യാപകമായി പരാതികള്‍ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാർച്ചിലേക്ക് മാറ്റാൻ തീരുമാനമായത്.
ഫെബ്രുവരി 25ന് ഉച്ചയ്ക്ക് ശേഷം നടത്താൻ ഇരുന്ന ഒൻപതാം ക്ലാസിലെ ബയോളജി പരീക്ഷ മാറ്റിവെച്ചു. ഇത് മാർച്ച് 15ന് രാവിലെ നടത്തും. അതുപോലെ സാമൂഹ്യ ശാസ്ത്രം പരീക്ഷ ഫെബ്രുവരി 27നാണ് നടത്താൻ ഇരുന്നത്. അത് മാർച്ച് 18ന് രാവിലെ നടത്തും.അതുപോലെ ഫെബ്രുവരി 25ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ ഹിന്ദി പരീക്ഷയും ഒൻപതാം ക്ലാസിലെ ഒന്നാം ഭാഷ പേപ്പർ 2 പരീക്ഷയും മാർച്ച് 11 ന് നടക്കും. ഇതേ ദിവസം നടത്താൻ തീരുമാനിച്ചിരുന്ന എട്ടാം ക്ലാസിലെ ഒന്നാം ഭാഷ പേപ്പർ 2 പരീക്ഷ മാർച്ച് 25ലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ, ഫെബ്രുവരി 27ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാ - കായിക പ്രവർത്തി പരിചയം പരീക്ഷ മാർച്ച് 27ന് രാവിലെയുമാക്കി.
പ്രായോഗികത പരിഗണിച്ച് പരീക്ഷാ തീയതികള്‍ പുനഃക്രമീകരിക്കുന്നു എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നത്. ഇത്തവണ പരിഷ്കരിച്ച പാഠപുസ്തകം പ്രകാരം അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം പോലും നല്‍കിയിരുന്നില്ല. അതിനിടെ ആണ് പാഠങ്ങള്‍ പൂർത്തിയാകുന്നതിന് മുൻപ് തന്നെ പരീക്ഷകള്‍ നടത്താനുള്ള ഉത്തരവ് വന്നത്.