ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഉദ്ഘാടനം ഉച്ചകഴിഞ്ഞ്
ഇന്നു രാവിലെ 8.30നു പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും
തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനം ഇന്നും നാളെയും നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തന്പി ഹാളിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് ഉദ്ഘാടനം. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച നടത്താനിരുന്ന കലാപരിപാടികൾ മാറ്റി വച്ചിരുന്നു.മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച പശ്ചാത്തലത്തിൽ ഇന്ന് രാവിലെ നടത്താനിരുന്ന ഉദ്ഘാടന ചടങ്ങ് ഉച്ചകഴിഞ്ഞ് മൂന്നിലേക്ക് മാറ്റുകയായിരുന്നു.കുവൈറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും പ്രതിനിധികൾ എത്തിയതിനാൽ സമ്മേളനം നടത്താൻ തീരുമാനിക്കുകയായിരുന്നു.കുവൈറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയാകും സമ്മേളനം ആരംഭിക്കുക. 103 രാജ്യങ്ങളിൽനിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക.നിലവിലെ നിയമസഭ അംഗങ്ങൾ, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്ക് പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവർ, തിരികെയെത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒസിഐ കാർഡ് ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.ഇന്നു രാവിലെ 8.30നു പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. മുദ്രാഗാനത്തിനും ദേശീയ ഗാനത്തിനും ശേഷം ചീഫ് സെക്രട്ടറി ഡോ.വി. വേണു ലോക കേരള സഭാ സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഉദ്ഘാടനച്ചടങ്ങിൽ ലോക കേരള സഭയുടെ സമീപനരേഖ മുഖ്യമന്ത്രി സമർപ്പിക്കും.