'കള്ളക്കടൽ’ പ്രതിഭാസം സംബന്ധിച്ച ജാഗ്രത മുന്നറിയിപ്പ് തുടരുന്നു
കേരള തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ ജാഗ്രത
തിരുവനന്തപുരം: ‘കള്ളക്കടൽ’ പ്രതിഭാസം സംബന്ധിച്ച ജാഗ്രത മുന്നറിയിപ്പ് തുടരുന്നു. തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരള തീരത്തും കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്നപ്രേദേശങ്ങളിലും അതിതീവ്ര തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇതിനിടെ, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്തും പകൽ 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസൃതം മാറിത്താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വേനൽമഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.