ലഹരി വിമുക്ത ക്യാമ്പയിൻ നശാ മുക്ത് ന്യായ അഭിയാന് തുടക്കം

Sep 2, 2025
ലഹരി വിമുക്ത ക്യാമ്പയിൻ നശാ മുക്ത് ന്യായ അഭിയാന് തുടക്കം
anty drug

post

സംസ്ഥാന എക്സൈസ് വകുപ്പ്, നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയും കേരള ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് വിമുക്തിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'നശാ മുക്ത് ന്യായ അഭിയാൻ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യുട്ടീവ് ചെയർമാനും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സൂര്യ കാന്ത് ടഗോർ തിയേറ്ററിൽ നിർവഹിച്ചു.

ജനകീയ ചെറുത്തുനിൽപ്പിലൂടെ ലഹരി വിപത്തുകൾക്കെതിരെ പ്രതിരോധം തീർത്താൽ മയക്കുമരുന്ന് രഹിത ഇന്ത്യ എന്നത് സ്വപ്നത്തിലൊതുങ്ങാതെ സാധ്യമാക്കാനാകുമെന്ന് പറഞ്ഞു അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ അടിത്തട്ടുമുതൽ  വിദ്യാർത്ഥികൾ, യുവജനങ്ങൾ, ഉദ്യോഗസ്ഥർ, നിയമപാലകർ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളേയും കോർത്തിണക്കി ജാഗ്രതയോടെയുള്ള സമീപനമാണ് ലഹരിക്കെതിരെ ആവശ്യം. 2024ലെ ദേശീയ പഠനത്തിൽ 10 മുതൽ 24  വയസ്സിനിടയിലുള്ള ഇന്ത്യയിലെ ഓരോ മൂന്ന് യുവാക്കളിൽ ഒരാൾ വീതം ലഹരിയുടെ പിടിയിലെന്നാണ് കണ്ടെത്തിയത്. മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്. കുടുംബങ്ങളെ നശിപ്പിച്ച്  സമൂഹത്തിന്റെ അടിത്തറ തകർക്കുകയാണ്. ഒരു തെറ്റായ തീരുമാനത്തിൽ നിന്ന് തുടങ്ങുന്നത് വലിയൊരു സാമൂഹിക ദുരന്തമായി മാറുന്ന അവസ്ഥയാണ്.

ക്രൂരതകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ നിയമത്തിൽ വ്യവസ്ഥയുള്ളപ്പോൾ മയക്കുമരുന്നിന് ഇരകളായവരെ പുനരധിവാസത്തിലൂടെ നേർവഴിയിലെത്തിക്കാൻ കാരുണ്യപൂർവമായ നടപടികളാണ് സ്വീകരിക്കുന്നത്. ലഹരിക്കടിമകളായ യുവാക്കൾ ഉപേക്ഷിക്കപ്പെടരുത്. പുനരധിവാസം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, തൊഴിൽ അവസരം എന്നിവയിലൂടെ മാറ്റത്തിലേക്ക് നയിക്കണം. ലഹരിമുക്ത പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ള വിമുക്തിമിഷൻ  കേരളത്തിന്റെ മികച്ച മാതൃകയാണ്. സ്‌കൂളുകൾ ബോധവൽക്കരണ കേന്ദ്രങ്ങളാക്കി പ്രാദേശിക സ്ഥാപനങ്ങളുടെ സഹകരണവും ആരോഗ്യസ്ഥാപനങ്ങളിൽ ചികിത്സയും പുനരധിവാസവും ഉറപ്പാക്കി നിയമപരിരക്ഷയും നൽകിയാണ് കേരളം സംരക്ഷണ മാതൃക ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരി സംബന്ധമായി രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനമാണ് കേരളമെന്ന്  മുഖ്യപ്രഭാഷണത്തിൽ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കർശനമായ നടപടികളാണ് ഇതുവരെ സ്വീകരിച്ചത്. വിദ്യാർത്ഥികളേയും യുവജനങ്ങളേയും പങ്കാളികളാക്കി ഗ്രാമതലങ്ങളിൽ വരെ കമ്മിറ്റികൾ രൂപീകരിച്ചു.  എല്ലാ വകുപ്പുകളേയും വിദഗ്ധരേയും സാമൂഹിക സംഘടനകളേയും ജനകീയ സമിതികളേയും ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പ്രളയ മഹാമാരി ഘട്ടങ്ങൾ അതിജീവിക്കുന്നതിലും സാക്ഷരത, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ നേട്ടങ്ങൾ കൈവരിക്കുന്നതിലും കേരളം ജനകീയ പങ്കാളിത്തത്തിലൂടെ മാതൃക കാട്ടിയിട്ടുണ്ട്. മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിലും ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രം നാഥ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ,  കേരള ലീഗൽ സർവീസ് അതോറിറ്റി എക്സിക്യുട്ടീവ് ചെയർമാനും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്,  ചീഫ് സെക്രട്ടറി ഡോ  എ ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, കോമൺവൈൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ പ്രസിഡന്റ് ഡോ എസ് ശിവകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.