കൂൺ കർഷകരെ സർക്കാർ സഹായിക്കും: മന്ത്രി പി. പ്രസാദ്
കൂൺഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം: കൂൺ കർഷകർക്ക് ഉത്പന്നവിപണനത്തിന് സാധ്യമായ സഹായങ്ങളെല്ലാം സർക്കാർ ഒരുക്കുമെന്നു കാർഷിക വികസന കർഷക ക്ഷേമ വകുപ്പുമന്ത്രി പി. പ്രസാദ് പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പരിധിയിലെ ആറു പഞ്ചായത്തുകൾ ഉൾപ്പെടുത്തി ആരംഭിച്ച കൂൺഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂൺ കൃഷി മികച്ച വരുമാന മാർഗമാണെന്ന് സംസ്ഥാനത്ത് കൃൺകൃഷി നടത്തി വിജയിച്ചവരിൽ ചിലരുടെ പേരെടുത്ത് പറഞ്ഞ് മന്ത്രി അഭിപ്രായപ്പെട്ടു. ഒരു വിഷവുമില്ലാത്ത സൂപ്പർ ഫുഡ് ആണ് കൂൺ. കൂൺ കോഫി, പായസം, അച്ചാർ ,കട്ലെറ്റ് തുടങ്ങി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന ബിരിയാണി വരെ കൂൺ ഉപയോഗിച്ച് ഉണ്ടാക്കുന്നു. കൂൺഗ്രാമത്തിന്റെ ഭാഗമായി ഉൽപന്ന നിർമാണത്തിന് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. കടുത്തുരുത്തി കൂൺഗ്രാമം പദ്ധതിയിലൂടെ നിർമിക്കുന്ന ഉത്പന്നങ്ങൾ 'കടന്തേരി' എന്ന ബ്രാൻഡ് പേരിലാകും അറിയപ്പെടുക. ഇതിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ജില്ലയിലെ പാടശേഖരങ്ങളിലെ നെല്ല് എടുക്കാൻ മില്ലുടമകൾ തയാറാകാത്തതു സംബന്ധിച്ച് അടിയന്തര പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊയ്ത്തുയന്ത്രങ്ങളുടെ കാര്യക്ഷമതയും പരിശോധിക്കും. ഇതു സംബന്ധിച്ചു കർഷകർ നൽകിയ നിവേദനത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രഡിസന്റ് ടി.കെ. വാസുദേവൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷരായ സ്‌കറിയ വർക്കി, ശ്രുതി ദാസ്, സെലിനാമ്മ ജോർജ്, മുൻ പ്രസിഡന്റ് പി.വി. സുനിൽ, അംഗങ്ങളായ അമൽ ഭാസ്‌കരൻ, കൈലാസ്നാഥ്, സുബിൻ മാത്യു, നളിനി രാധാകൃഷ്ണൻ, നയന ബിജു, ജി, രാജപ്പൻ നായർ, തങ്കമ്മ വർഗ്ഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മീന മാത്യു,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ആർ. സ്വപ്ന, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജയിംസ് പുല്ലാപ്പള്ളി, ത്രിഗുണ സെൻ, അശ്വന്ത് മാമലസ്ശേരി,മാഞ്ഞൂർ മോഹൻകുമാർ, സന്തോഷ് കുഴിവേലി,സി.എം. ജോസഫ്,ടോമി മ്യാലിൽ എന്നിവർ പ്രസംഗിച്ചു.
കടുത്തുരുത്തി ഇനി
കടന്തേരി കൂൺഗ്രാമം
ജില്ലയിൽ കൂൺഗ്രാമം പദ്ധതി ആദ്യഘട്ടം നടപ്പാക്കുന്നത് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലാണ്. കൂൺവിത്തു മുതൽ വിപണനം വരെ ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവുമാണ് ലക്ഷ്യം വയ്ക്കുന്നത്. വൻകിട, ചെറുകിട ഉത്പാദന യൂണിറ്റുകൾ, കൂൺ വിത്ത് ഉത്പാദന യൂണിറ്റ്, കൂൺ സംസ്‌കരണ യൂണിറ്റുകൾ, പായ്ക്ക് ഹൗസുകൾ, കൂൺ അധിഷ്ഠിത കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
കടുത്തുരുത്തി ബ്ലോക്കിലെ ആറു കൃഷിഭവനു കിഴിലും കൂൺ അധിഷ്ഠിത കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കാനും കൂട്ടായ്മകളിലൂടെ ഉത്പാദന വിപണന മേഖല ശാക്തീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കടുത്തുരുത്തി ബ്ലോക്കിലെ കൂൺ കർഷകരെ ഒരു കൂടക്കിഴിലാക്കി 'കടന്തേരി കൂൺ ഗ്രാമം' എന്ന സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്.
ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടാനും വർഷം മുഴുവൻ ഉത്പാദനം ഉറപ്പാക്കാനും ആദ്യഘട്ടത്തിൽ 100 ചെറുകിട യൂണിറ്റുകളും രണ്ടു വൻകിട യൂണിറ്റുകളും സജ്ജമായിട്ടുണ്ട്. ഗുണമേന്മയുള്ള കൂൺ വിത്ത് ലഭ്യമാക്കാൻ വിത്ത് ഉത്പാദന കേന്ദ്രം കടുത്തുരുത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉത്പാദിപ്പിക്കപ്പെടുന്ന കൂൺ ലേബൽ ചെയ്ത് ആകർഷണീയമായ പാക്കിങ്ങിൽ വിൽപനയ്‌ക്കെത്തിക്കുന്നതിനായി എട്ടു ലക്ഷം രൂപയോളം ചെലവ് വരുന്ന രണ്ട് പാക്ക് ഹൗസുകൾ തയാറാക്കിയിട്ടുണ്ട്. അധികമായി ഉത്പാദിക്കുന്നവയും വിറ്റഴിക്കാൻ സാധ്യമാക്കാത്തവയുമായ കൂൺ സംസ്‌കരണം ചെയ്ത് മൂല്യ വർധിത ഉത്പന്നങ്ങളായി മാറ്റുന്നതിലേക്കായി രണ്ടുപ്രിസർവേഷൻ യൂണിറ്റുകളും സജ്ജമായിട്ടുണ്ട്.
ഫോട്ടോക്യാപ്ഷൻ:
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പരിധിയിലെ ആറു പഞ്ചായത്തുകൾ ഉൾപ്പെടുത്തി ആരംഭിച്ച കൂൺഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പുമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ് സി.കെ. ആശ എന്നിവർ സമീപം.