ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളും പരിശോധന; 98000 രൂപ പിഴ ഈടാക്കി

Dec 22, 2025
ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളും പരിശോധന; 98000 രൂപ പിഴ ഈടാക്കി
SABARIMALA
ശബരിമല: സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശബരിമല ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില് 98000 രൂപ പിഴയീടാക്കി. ഡിസംബര് 12 ന് ഡ്യൂട്ടി മജിസ്‌ട്രേറ്റായി ചുമതലയേറ്റ വി. ജയമോഹന്റെ നേതൃത്വത്തില് ഡിസംബര് 20 വരെയുള്ള കാലയളവില് നടത്തിയ പരിശോധനയിലാണ് ഈ തുക പിഴയായി ഈടാക്കിയത്.
സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും തീര്ഥാടകരോടുള്ള ചൂഷണവും അമിത വില ഈടാക്കലും തടയുന്നതിനായാണ് സ്‌ക്വാഡ്, സാനിറ്റേഷന് ടീമുകളെ നിയോഗിച്ചിട്ടുള്ളത്. ലീഗല് മെട്രോളജി, പഞ്ചായത്ത്, റവന്യൂ, സിവില് സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. ഉരല്ക്കുഴി മുതല് സന്നിധാനം വരെയുള്ള പ്രദേശമാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റിനു കീഴിലുള്ളത്. അമിതവില ഈടാക്കല്, വൃത്തിഹീനമായ സാഹചര്യം, അളവിലെ ക്രമക്കേട്, പരിസര ശുചിത്വമില്ലായ്മ, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പ്പന തുടങ്ങിയ നിയമലംഘനങ്ങള്ക്കാണ് പിഴ ഈടാക്കിയത്.
സന്നിധാനത്തെ ഹോട്ടലുകളില് സ്‌ക്വാഡ് പരിശോധന നടത്തി. വിലവിവരപട്ടിക പ്രദര്ശിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു. ശുചിത്വപാലനം, തൊഴിലാളുകളുടെ ശുചിത്വം, തൊഴിലാളികളുടെ ഹെല്ത്ത് കാര്ഡ്, ഭക്ഷണ വസ്തുക്കളുടെ അളവും തൂക്കവും തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി. ഹോട്ടലുകളില് തണുത്ത വെള്ളം നല്കരുതെന്നും ചൂടുവെള്ളം മാത്രം നല്കണമെന്നും സ്‌ക്വാഡ് നിര്ദേശിച്ചു. ചൂടുവെള്ളത്തില് തണുത്ത വെള്ളം കലര്ത്തി നല്കരുതെന്നും നിര്ദേശം നല്കി. ഭക്ഷ്യവസ്തുക്കള് കൈകാര്യം ചെയ്യുമ്പോള് തൊഴിലാളികളുടെ കൈകള് വൃത്തിയായി സൂക്ഷിക്കണം. തലയില് നെറ്റ് ധരിക്കണം.
24 മണിക്കൂറും സ്‌ക്വാഡ് പരിശോധനയ്ക്കായി രംഗത്തുണ്ടാകും. രണ്ട് വിഭാഗമായി തിരിഞ്ഞാണ് പരിശോധന. 18 പേരാണ് സംഘത്തിലുള്ളത്. ഓരോ ഉദ്യോഗസ്ഥര്ക്കും 10 ദിവസം വീതമാണ് ഡ്യൂട്ടി. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല് എന്നിവിടങ്ങളില് ശുചീകരണപ്രവര്ത്തനങ്ങള്ക്കായി നിയോഗിച്ചിട്ടുള്ള വിശുദ്ധി സേനയുടെ പ്രവര്ത്തനവും പരിശോധിക്കുന്നുണ്ട്. 14 സെഗ്മെന്റുകളായി തിരിച്ചാണ് ഇവരുടെ പ്രവര്ത്തനം. ഓരോ സെഗ്മെന്റിലും 30 വിശുദ്ധി സേനാംഗങ്ങള് ഉണ്ടാകും. ആകെ ആയിരത്തിലധികം വിശുദ്ധി സേനാംഗങ്ങളാണ് കര്മ്മനിരതരായുള്ളത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനയുമുണ്ട്.
സ്വാമിമാര് ആഴിയില് നിക്ഷേപിക്കേണ്ട നെയ് തേങ്ങ ദേവസ്വം ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലര് വാങ്ങുകയും കൊപ്രാക്കളത്തില് കച്ചവടം നടത്തുകയും ചെയ്തത് സംബന്ധിച്ച് നടപടി സ്വീകരിച്ചു. ഇവരുടെ ഐഡന്റിന്റി കാര്ഡ് റദ്ദാക്കാന് ദേവസ്വം വിജിലന്സിന് നിര്ദേശം നല്കി. അനധികൃത ലോട്ടറി വില്പ്പനയ്‌ക്കെതിരേയും നടപടി സ്വീകരിച്ചു. എക്‌സ്പയറി ഡേറ്റ് പ്രദര്ശിപ്പിക്കാത്ത ന്യൂഡില്സ് പാക്കറ്റ് ശബരീപീഠത്തില് പ്രവര്ത്തിക്കുന്ന ആര്യഭവന് ഹോട്ടലില് നിന്ന് പിടിച്ചെടുത്തു.
സാനിറ്റേഷന് സൂപ്പര്വൈസറുടെ നേതൃത്വത്തില് എല്ലാ പ്രദേശങ്ങളിലും ബ്ലീച്ചിംഗ് പൗഡര് ഉപയോഗിച്ച് ശുചീകരിക്കുന്നുണ്ട്. മാളികപ്പുറത്തിന് സമീപം ഓടയില് അടിഞ്ഞുകൂടിയ മാലിന്യങ്ങള് ഫയര് ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥരുടെ സേവനം വിനിയോഗിച്ച് നീക്കി.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി. ഷിബു, ഹെല്ത്ത് ഇന്സ്‌പെക്ടര് ഹരികുമാര്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പരിശോധനയ്ക്ക് നേതൃത്വം നല്കി.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.