കർഷകരുടെ വരുമാനം വർധിപ്പിക്കലാണ് ലക്ഷ്യം: മന്ത്രി പി. പ്രസാദ്

*കാബ്കോ എക്‌സ്‌പോ സെന്റർ, അഗ്രിപാർക്ക് നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു

Aug 17, 2024
കർഷകരുടെ വരുമാനം വർധിപ്പിക്കലാണ് ലക്ഷ്യം: മന്ത്രി പി. പ്രസാദ്
P PRASAD MINISTER

കാബ്കോ എക്‌സ്‌പോ സെന്റർ, അഗ്രിപാർക്ക് നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു   .സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) യുടെ നേതൃത്വത്തിൽ നിർമിക്കുന്ന കാബ്‌കോ എക്‌സ്‌പോ സെന്ററിന്റെയും അഗ്രിപാർക്കിന്റെയും ശിലാസ്ഥാപനവും നിർമാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ന് ചിങ്ങം ഒന്നിന് ഒരു പുതിയ നൂറ്റാണ്ടും പുതിയ വർഷവും തുടങ്ങുകയാണ്. കേരളത്തിന്റെ കാർഷിക രംഗത്തും ഒരു പുതിയ വിപ്ലവവും ആരംഭിക്കുകയാണ്. കാർഷികരംഗത്തെ ദ്വിതീയ മേഖലയിൽ ശ്രദ്ധയൂന്നി സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കാബ്കോ എക്സ്പോ സെന്റർ സജ്ജമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.നമ്മുടെ കർഷകരുടെ ഉത്പന്നങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാബ്കോ എക്സിബിഷൻ സെന്റർ സ്ഥാപിക്കുന്നത്. കേരളത്തിലെ കാർഷികമേഖല ഇന്ന് അതിജീവനപാതയിലാണ്. കാർഷികരംഗത്തെ ദ്വിതീയമേഖലയിലെ മൂല്യവർധിത ഉത്പന്ന വിപണന രംഗത്തേക്ക് കടന്നാലേ കർഷകരുടെ അവസ്ഥ മെച്ചപ്പെടൂ. കർഷകരുടെ ഉത്പന്നങ്ങൾക്ക് കൃത്യമായ വിപണി ഉണ്ടാക്കാൻ കഴിഞ്ഞാലേ ഇനി മുന്നോട്ടുപോകാനാവൂ. കർഷകന് തന്റെ ഉത്പന്നങ്ങൾക്ക് വിലനിശ്ചയിക്കാനാവണം. നിലവിൽ മറ്റുപലരുമാണ് വിലനിശ്ചയിക്കുന്നത്. കർഷകൻ വെറും കാഴ്ചക്കാരനാണ്. ഇത് മറികടക്കാൻ മൂല്യവർധിത ഉത്പന്നമേഖലയിലേക്ക് കടക്കണം. അതിനാണ് കേരളഗ്രോ അടക്കമുള്ള ബ്രാൻഡുകൾ നാം ഉണ്ടാക്കിയത്. 800 ലധികം കർഷകർക്ക് പരിശീലനം നൽകി. നൂറുകണക്കിന് ഉത്പന്നങ്ങൾ ഇന്ന് കേരളഗ്രോ ബ്രാൻഡിൽ ലഭ്യമാണ്.കേരളത്തിലെ കർഷകരുടെ ഉത്പന്നങ്ങൾ പുറത്തേക്ക് എത്തിക്കാനാണ് കാബ്കോ ആരംഭിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാർഷിക മൂല്യ വർദ്ധനവും വിപണനവും ശക്തിപ്പെടുത്തുന്നതിന് രൂപീകൃതമായ പൊതുസ്വകാര്യ സംയുക്ത സംരംഭമാണിത്. പൂർണമായും പ്രൊഫഷണലായി വിഭാവനം ചെയ്തിട്ടുള്ള കമ്പനി സിയാൽ മാതൃകയിലാണ് പ്രവർത്തിക്കുക. കാബ്കോയുടെ പ്രവർത്തനത്തിനുള്ള ആസ്ഥാനകേന്ദ്രത്തിന്റെ നിർമാണമാണ് ഇന്ന് തറക്കല്ലിട്ട് ആരംഭിക്കുന്നത്. 365 ദിവസവും കർഷകരുടെ ഉത്പന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കാനും വിൽപന നടത്താനും കഴിയും. കർഷകർക്ക് ഏറ്റവും അധികം പ്രയോജനം ലഭിക്കുന്ന ഈ എക്സിബിഷൻ സെന്ററിന്റെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതലയെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പശ്ചിമഘട്ടമേഖലയിൽ വിളയുന്നത് മികച്ച ഗുണമേന്മയുള്ള വിളകളാണെന്നും കാലാവസ്ഥവ്യതിയാനം അടക്കമുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വിദഗ്ധ അഭിപ്രായങ്ങൾ ശേഖരിച്ച് മേഖലക്കായി സമഗ്രകാർഷിക നയം രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. 65,000 ചതുരശ്രഅടി വിസ്തൃതിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന എക്‌സിബിഷൻ സെന്ററിൽ  എക്‌സിബിഷനുകൾ, കൺവെൻഷനുകൾ, ട്രേഡ് ഷോകൾ, ബിസിനസ് മീറ്റിങ്ങുകൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും. 100 സ്റ്റാളുകളിൽ വർഷം മുഴുവൻ പ്രദർശന വിപണനമേളകൾ സംഘടിപ്പിക്കാനാകും. ആധുനിക ഫുഡ് കോർട്ടും രൂപകൽപന ചെയ്തിട്ടുണ്ട്.ഏഴു നിലകളിലായി കൃഷിവകുപ്പിന് കീഴിലെ വിശാലമായ പൊതു ഓഫീസ് സമുച്ചയാണ് അഗ്രിപാർക്ക് എന്ന പേരിലുള്ള അഗ്രോ ടവർ. കാർഷിക-ഭക്ഷ്യ മേഖല ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അനുയോജ്യമായ ഈ അഗ്രി ടവറിന്റെ നിർമ്മാണവും ഇതോടൊപ്പം ആരംഭിക്കും. എട്ടുകോടി മുതൽ മുടക്കിലാണ് എക്സിബിഷൻ സെന്ററും 50 കോടി മുതൽ മുടക്കിലാണ് അഗ്രിപാർക്കും സ്ഥാപിക്കുന്നത്.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്തെ കാർഷിക മേഖലയിൽ വലിയ മാറ്റം ഉണ്ടായതായും അത് കർഷകരുടെ മുഖങ്ങളിൽ ഈ കർഷക ദിനത്തിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. കാബ്കോ മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, നഗരസഭ മരാമത്ത് കാര്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, കരിക്കകം വാർഡ് കൗൺസിലർ ഡി. ജി. കുമാരൻ, മുതിർന്ന കർഷകൻ ജ്ഞാനദാസ്, പദ്ധതിയുടെ ഡിസൈനർ ആർക്കിടെക്റ്റ് ഡോ. സുജിത് കുമാർ എന്നിവർ പങ്കെടുത്തു. കാർഷിക കേരളം കൈപ്പുസ്തകം കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിന് നൽകി മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. പ്രോജക്ട് ഡിസൈനർ ആർകിടെക്ട് സുജിത് കുമാറിനെയും യുഎൽസിസി പ്രൊജക്ട് എൻജിനീയറായ ഗോപകുമാറിനെയും ചടങ്ങിൽ ആദരിച്ചു. കാബ്കോ മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ സ്വാഗതവും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത്. എൻ  നന്ദിയും പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.