വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാം, പുതിയ ആശയങ്ങള്‍ നല്‍കാം

▪️ വികസന സദസ്സ് ജില്ലയില്‍ 26 മുതല്‍ ▪️ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും

Sep 21, 2025
വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാം, പുതിയ ആശയങ്ങള്‍ നല്‍കാം
vikasana sadas

കോട്ടയം: സംസ്ഥാനത്തിന്‍റെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും ഭാവി മുന്നില്‍ കണ്ടുള്ള ആശയങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന വികസന സദസ്സിന് ജില്ലയില്‍ സെപ്റ്റംബര്‍ 26ന് തുടക്കമാകും.

സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച(സെപ്റ്റംബര്‍ 22) മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.

തദ്ദേശസ്വയംഭരണ വകുപ്പും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒക്ടോബര്‍ 20 വരെ വിവിധ ദിവസങ്ങളില്‍  സംഘടിപ്പിക്കും.

വികസനപുരോഗതിയും തുടര്‍പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് ചര്‍ച്ചയിലൂടെയാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുക.  പൊതുജനങ്ങൾക്കൊപ്പം വിവിധ തലങ്ങളിലെ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.  

സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ വീഡിയോ സന്ദേശം,  ഓരോ  തദ്ദേശഭരണ സ്ഥാപനത്തിന്‍റെയും വികസന നേട്ടങ്ങളുടെ അവതരണം, ഓപ്പണ്‍ ഫോറം എന്നിവയുണ്ടാകും.

വികസന സദസ്സിലെ ചര്‍ച്ചകളുടെ വിശദാംശങ്ങളും അവതരിപ്പിക്കപ്പെടുന്ന പുതിയ ആശയങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന സര്‍ക്കാരിന് സമര്‍പ്പിക്കും. പരിപാടിയോടനുബന്ധിച്ച് അതത് തദ്ദേശസ്ഥാപനങ്ങളുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്‌സിബിഷനും കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന ക്ലിനിക്കും സജ്ജീകരിക്കും.

അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍ പദ്ധതികള്‍ക്കായി  ഭൂമി വിട്ടുനല്‍കിയവര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങി വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ വികസന സദസ്സില്‍ ആദരിക്കും.

ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍ ചെയര്‍ പേഴ്സണും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കോ-ചെയര്‍മാനുമായുള്ള സംഘാടക സമിതിയാണ് ജില്ലയില്‍ വികസന സദസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറ്കടര്‍ ബിനു ജോണ്‍ കണ്‍വീനറാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.