73-ാമത് ഇൻ്റർ സർവീസസ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു
The 73rd Inter Services Athletics Championship has concluded
73-ാമത് ഇൻ്റർ സർവീസസ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൻ്റെ സമാപന ചടങ്ങ് ഇന്ന് (ഓഗസ്റ്റ് 01) കാര്യവട്ടം ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ സ്റ്റേഡിയത്തിൽ നടന്നു. കൊച്ചി സ്റ്റേഷൻ കമാൻഡറും ഐഎൻഎസ് വെണ്ടുരുത്തി കമാൻഡിംഗ് ഓഫീസറുമായ കമോഡോർ VZ ജോബ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
83.5 പോയിൻ്റോടെ ആർമി റെഡ് ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 77 പോയിൻ്റുമായി നേവി ടീം രണ്ടാം സ്ഥാനവും 41 പോയിൻ്റുമായി എയർഫോഴ്സ് ടീം മൂന്നാം സ്ഥാനവും നേടി. ആർമി ഗ്രീൻ ടീം 38.5 പോയിൻ്റുമായി നാലാം സ്ഥാനത്തെത്തി. നാല് ദിവസത്തെ മീറ്റിൽ നിരവധി പുതിയ റെക്കോഡുകളാണ് പിറന്നത്. 1500 മീറ്റർ ഓട്ടത്തിൽ ആദ്യത്തെ നാല് അത്‌ലറ്റുകൾ നിലവിലുള്ള സർവീസസ് റെക്കോർഡ് തകർത്തു, ആർമി റെഡ്‌ഡിലെ യൂനുസ് ഷാ 3:41:32 സമയത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. 5000 മീറ്റർ ഓട്ടത്തിൽ, ആദ്യത്തെ മൂന്ന് അത്‌ലറ്റുകൾ നിലവിലുള്ള റെക്കോർഡ് തകർത്തു, ആർമി റെഡ്‌ഡിലെ ഗുൽവീർ സിംഗ് 13:35:07 ടൈമിംഗിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. 13:18:92 സമയവുമായി ഗുൽവീർ സിംഗ് ദേശീയ റെക്കോർഡും സ്വന്തമാക്കിട്ടുണ്ട്. 800 മീറ്റർ ഓട്ടത്തിൽ, ആദ്യ രണ്ട് കായിക താരങ്ങൾ നിലവിലുള്ള റെക്കോർഡ് തകർത്തു, ഇന്ത്യൻ എയർഫോഴ്‌സിൻ്റെ എംഡി അഫ്സൽ 1:47:06 സമയത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു.
ജൂലായ് 29 മുതൽ ഓഗസ്റ്റ് 01 വരെ 23 വ്യത്യസ്ത ഇനങ്ങളിലായി മൂന്ന് സേനാ വിഭാഗങ്ങളിൽ നിന്നായി (ആർമി, നേവി, എയർഫോഴ്സ്) 300 ഓളം കായിക താരങ്ങൾ മത്സരിച്ചു. സർവീസസ് സ്പോർട്സ് കൺട്രോൾ ബോർഡിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ നേവി സ്പോർട്സ് കൺട്രോൾ ബോർഡാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.