ഉരുള്‍പൊട്ടല്‍: തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭാ ഉപസമിതി

Landslides: Cabinet sub-committee for follow-up

Aug 1, 2024
ഉരുള്‍പൊട്ടല്‍: തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭാ ഉപസമിതി
C M MEETING

കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി- പട്ടികവര്‍ഗ്ഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആര്‍ കേളു എന്നിവരടങ്ങിയതാണ് ഉപസമിതി സ്‌പെഷ്യല്‍ ഓഫീസര്‍ സിറാം സാംബശിവ റാവു, ഡോ.എ കൗശിഗന്‍ എന്നിവര്‍ സ്പെഷ്യല്‍ ഓഫീസര്‍മായി പ്രവര്‍ത്തിക്കും. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസ്സോടെയും ഗൗരവം ഉള്‍ക്കൊണ്ടുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മികച്ച സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സേനാ വിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിതമായി നടത്തും. ചൂരല്‍ മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന ബെയ്‌ലി പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനാകും. ദൗത്യശ്രമം കാര്യക്ഷമമാക്കാനും സാധിക്കും.

മുണ്ടക്കൈ - ചൂരല്‍മല പ്രദേശങ്ങളിലെ പുനരധിവാസ പ്രക്രിയ ഫലപ്രദമായി നടപ്പാക്കും. നിലവില്‍ ആളുകളെ ക്യാമ്പുകളില്‍ തന്നെ താമസിപ്പിക്കേണ്ടി വരും. ക്യാമ്പുകളില്‍ കഴിയുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. കുടുംബങ്ങളുടെ സ്വകാര്യത സൂക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പാക്കും. മാധ്യമ പ്രവര്‍ത്തകരും സന്ദര്‍ശകരുമടക്കം ആരെയും ക്യാമ്പിനകത്ത് പ്രവേശിപ്പിക്കില്ല. ക്യാമ്പിലുള്ളവരെ കാണാനെത്തുന്നവര്‍ക്ക്് ഇതിനായി പ്രത്യേക സ്ഥലം ഏര്‍പ്പാടാക്കും. ദുരന്തമേഖലയില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസ്സം ഉണ്ടാവില്ല. വിദ്യാഭ്യാസ- തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ താല്‍ക്കാലിക ക്രമീകരണം ഉണ്ടാക്കും. പിന്നീട് സാധാരണ രീതിയിലുള്ള പഠന ക്രമീകരണങ്ങള്‍ നടത്തും.

ദുരന്തത്തിനരയായവരില്‍ കടുത്ത മാനസികാഘാതം ഏറ്റവരുണ്ട്. ഇവര്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കും. നിലവില്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനസിക വിദഗ്ധര്‍ കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ആവശ്യമാകുന്ന പക്ഷം കൂടുതല്‍ ഏജന്‍സികളെ ഏര്‍പ്പെടുത്തും. ദുരന്തം നേരിട്ട മേഖലകളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ സ്‌നേഹപൂര്‍വ്വം മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മാറാന്‍ കൂട്ടാക്കാത്തവര്‍ക്ക്് കൃത്യമായി ഭക്ഷണവും അവശ്യ വസ്തുക്കളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പ്രമോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തും. ഈ മഹാദുരന്തം മറ്റൊരു ദുരന്തത്തിന് വഴിവെക്കുന്ന സ്ഥിതി ഉണ്ടാകരുത്. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നല്ലപോലെ ഉണ്ടാവണം. ഉരുള്‍പൊട്ടലില്‍ നിരവധി വീട്ട് മൃഗങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട്. അവയെ കൃത്യമായി സംസ്‌കരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. പോസ്റ്റ്‌മോര്‍ട്ടും നടക്കുന്ന ആശുപത്രികളിലേക്ക് ആളുകള്‍ അനാവശ്യമായി പോകരുത്, ബന്ധുകള്‍ ഒഴികെയുള്ളവര്‍ അവിടെ നിന്നും വിട്ട് നില്‍കണം. സര്‍ട്ടിഫിക്കറ്റ് നഷ്ടമായവര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളും കൈക്കെള്ളും. രക്ഷാ പ്രവര്‍ത്തനം തുടരുമെന്നും മുന്‍ ദിവസങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും എല്ലാവരുടെയും സഹകരണത്തോടെ ആയിരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ കെ. രാജന്‍, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എന്‍ വാസവന്‍, കെ.കൃഷ്ണന്‍കുട്ടി, മുഹമ്മദ് റിയാസ്, പി.പ്രസാദ്, റോഷി അഗസ്റ്റിന്‍, ഒ.ആര്‍ കേളു, വീണാ ജോര്‍ജ്ജ് എന്നിവരും പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.