ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തി; കാണാതായത് 29 കുട്ടികളെ

All the living were rescued; 29 children are missing

Aug 1, 2024
ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തി; കാണാതായത് 29 കുട്ടികളെ
CHOORALMALA

ഉരുള്‍പൊട്ടല്‍ ബാധിച്ചത് വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ

ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വയനാട്ടില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന്. കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി ടി മാത്യു യോഗത്തെ അറിയിച്ചു. ആര്‍മിയുടെ 500 പേര്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തെരച്ചിലിനായി ഉണ്ട്. ഇനി ആരെയും രക്ഷപ്പെടുത്താന്‍ ഇല്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൂന്നു സ്‌നിഫര്‍ നായകളും തെരച്ചിലിനായി ഉണ്ട്. മുണ്ടക്കൈയിലേക്ക് യന്ത്രോപകരണങ്ങള്‍ എത്തിക്കാന്‍ പാലം പണിയല്‍ ആയിരുന്നു പ്രധാനദൗത്യം. കേരള പോലീസിന്റെ 1000 പേര്‍ തെരച്ചില്‍ സ്ഥലത്തും 1000 പൊലീസുകാര്‍ മലപ്പുറത്തും പ്രവര്‍ത്തന രംഗത്ത് ഉണ്ടെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ അറിയിച്ചു. മൃതദേഹ അവശിഷ്ടങ്ങളുടെ തിരിച്ചറിയലും സംസ്‌കാരവുമാണ് പ്രശ്‌നമായി അവശേഷിക്കുന്നത്.

കാണാതായത് 29 കുട്ടികള്‍

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈ, വെള്ളാര്‍മല പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നുമായി ആകെ 29 വിദ്യാര്‍ത്ഥികളെ കാണാതായതായി ഡിഡിഇ ശശീന്ദ്രവ്യാസ് വി എ അറിയിച്ചു. രണ്ട് സ്‌കൂളുകളാണ് ഉരുള്‍പൊട്ടിയ ഭാഗങ്ങളില്‍ ഉള്ളത്. ഇതില്‍ വെള്ളാര്‍മല സ്‌കൂളില്‍ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്. കാണാതായ 29 കുട്ടികളില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മുഴുവന്‍ കുട്ടികളുടെയും വിശദവിവരങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്.

മൃതദേഹം കിട്ടിയാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മാനസികാഘാത പ്രശ്‌നമുണ്ട്. കൗണ്‍സിലിംഗ് നല്‍കിവരുന്നു. പകര്‍ച്ചവ്യാധിയാണ് പ്രധാന ഭീഷണി. അത് തടയാന്‍ മൃഗങ്ങളുടെ മൃതദേഹങ്ങളും വേണ്ട രീതിയില്‍ സംസാരിക്കാനുള്ള നടപടികള്‍ ചെയ്യുന്നുണ്ട്. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചതെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഡോ. എ കൗശിഗന്‍ അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇത് വരെ 177 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 81 പുരുഷന്‍മാരും 70 സ്ത്രീകളും 25 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 98 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പ്രോട്ടോകോള്‍ തയ്യാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥന്‍ സീരാം സാംബശിവ റാവു അറിയിച്ചു. 129 മൊബൈല്‍ ഫ്രീസറുകള്‍ നിലവിലുണ്ട്. ഇതില്‍ 59 എണ്ണം ഉപയോഗിക്കുന്നു. മൊബൈല്‍ ഫ്രീസര്‍ നല്‍കാന്‍ കര്‍ണാടക തയാറായിട്ടുണ്ട്. കാണാതായ ആളുകളെ കണ്ടെത്താന്‍ പ്രത്യേക നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായി തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അറിയപ്പെടാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാര്യം അതാത് ഗ്രാമപഞ്ചായത്തുകള്‍ തീരുമാനിക്കും. ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങള്‍ സപ്ലൈക്കോ വഴിയാണ് എത്തിക്കുന്നതെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഉരുള്‍പൊട്ടല്‍ ഇത്ര ആഘാതം എങ്ങനെ ഉണ്ടാക്കി എന്നത് ഗൗരവമായി പഠിക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പെട്ടെന്നുതന്നെ പാലം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് പട്ടാളത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് കൃത്യമായി എല്ലാവരും പാലിക്കേണ്ടതുണ്ട്. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ജെ ചിഞ്ചുറാണി, വീണാ ജോര്‍ജ്, പി പ്രസാദ്, കെ കൃഷ്ണന്‍കുട്ടി, ജി ആര്‍ അനില്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി എന്‍ വാസവന്‍, ഒ ആര്‍ കേളു, വി അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഷേഖ് ദര്‍വാസ് സാഹിബ്, ജില്ലാ കലക്ടര്‍ മേഖശ്രീ ആര്‍ ഡി എന്നിവര്‍ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.