ജമ്മു കാഷ്മീരിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം;രണ്ട് സൈനികർക്ക് പരിക്ക്
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുണ്ടായ മൂന്നാമത്തെ സംഭവമാണിത്.
 
                                    ശ്രീനഗർ: ജമ്മു കാഷ്മീരിലെ ദോഡയിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. ഇവിടെ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുണ്ടായ മൂന്നാമത്തെ സംഭവമാണിത്.ദോഡയിലെ ഛത്തർഗല മേഖലയിൽ സൈന്യവും പോലീസും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.കത്വ ജില്ലയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണമുണ്ടായത്. മൂന്ന് ദിവസം മുമ്പ് തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനുനേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ബസ് തോട്ടിലേക്ക് ഇടിച്ച് ഒമ്പത് യാത്രക്കാർ കൊല്ലപ്പെട്ടു.ഇന്നലെ രാത്രി വൈകി ദോഡയിലെ ഛത്തർഗല മേഖലയിലെ സൈനിക താവളത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് കത്വയിലെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന് മേൽനോട്ടം വഹിക്കുന്ന ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആനന്ദ് ജെയിൻ പറഞ്ഞു
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            