ക്ഷയരോഗമുക്ത ഭാരതം: നൂറുദിന കർമപരിപാടിക്ക് ബുധനാഴ്ച തുടക്കമാകും

Jan 7, 2025
ക്ഷയരോഗമുക്ത ഭാരതം: നൂറുദിന കർമപരിപാടിക്ക് ബുധനാഴ്ച തുടക്കമാകും
t b

കോട്ടയം: ക്ഷയരോഗ പകർച്ചയും മരണവും തടയുന്നതു ലക്ഷ്യമിട്ട് രാജ്യം മുഴുവൻ നടപ്പാക്കുന്ന ക്ഷയരോഗ മുക്ത് ഭാരത് 100 ദിനകർമപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച(ജനുവരി 8) നടക്കും. രാവിലെ 11.30ന് ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ടി.ബി ഓഫീസർ ഡോ. ബാബു വർഗീസ് എന്നിവർ പങ്കെടുക്കും.
കർമപരിപാടിയുടെ ഭാഗമായി നിക്ഷയ് വാഹൻ എന്നപേരിൽ മൊബൈൽ യൂണിറ്റ് വിവിധ തൊഴിലിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും. പ്രത്യേകം ക്രമീകരിച്ച വാഹനത്തിന്റെ ഫ്ളാഗ് ഓഫ് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എ.ഡി.എം എന്നിവർ ചേർന്ന് കളക്ടറേറ്റിൽ നിർവഹിക്കും.
40 ക്ഷയരോഗികൾക്ക് മാസം 750 രൂപ വീതമുള്ള പോഷകാഹാരകിറ്റിനായി രണ്ടു ലക്ഷം രൂപ സ്‌പോൺസർ ചെയ്ത് നിക്ഷയ് മിത്ര പദ്ധതിയിൽ അംഗമായ കോട്ടയം സ്വദേശി രാജു മാക്കിലിനെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തിൽ ആദരിക്കും.  
രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മുൻപ് (അഞ്ചുവർഷത്തിനുള്ളിൽ) ക്ഷയരോഗം ബാധിച്ചവർ, ക്ഷയരോഗികളുമായി അടുത്തിടപഴകിയിട്ടുള്ളവർ, പ്രമേഹ ബാധിതർ, പുകവലി ശീലമാക്കിയവർ, പോഷകാഹാരക്കുറവുള്ളവർ, മുതിർന്നവർ എന്നിവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക.  

രോഗസാധ്യത കൂടിയവരെ കണ്ടെത്തുന്ന പ്രവർത്തനം ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയായി. കണ്ടെത്തിയവരെ കഫ, എക്‌സ് റേ, നാറ്റ് പരിശോധനയ്ക്ക് വിധേയരാക്കും. കഫപരിശോധനയ്ക്കായി ജില്ലയിൽ 65 ആരോഗ്യകേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കി. എക്‌സ് റേ പരിശോധനയ്ക്ക് കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ, വൈക്കം, പാമ്പാടി, കുറവിലങ്ങാട് താലൂക്ക് ആശുപത്രികൾ, ഉഴവൂർ, അതിരമ്പുഴ എന്നിവിടങ്ങളിൽ സൗകര്യമുണ്ടായിരിക്കും. നാറ്റ് പരിശോധന സൗകര്യം മെഡിക്കൽ കോളജ്, കോട്ടയം ജില്ലാ ടി.ബി സെന്റർ, ജനറൽ ആശുപത്രികൾ, കുറവിലങ്ങാട് താലൂക്ക് ആശുപത്രി, എരുമേലി കുടുംബാരോഗ്യ കേന്ദ്രം എന്നിവടങ്ങളിലുണ്ട്. പരിശോധന സൗജന്യമാണ്.
ആശുപത്രികളിൽ വിവിധരോഗങ്ങളുമായി എത്തുന്നവരിൽ ക്ഷയരോഗ ലക്ഷണം ഉള്ളവരെ ക്ഷയരോഗപരിശോധനയ്ക്കു വിധേയരാക്കും. ഇതിനു സ്വകാര്യ ആശുപത്രികളുമായും കൈകോർക്കും. രണ്ടാഴ്ചയിലധികമായി കഫത്തോടെയുള്ള ചുമ, കഫത്തോടൊപ്പം രക്തം വരിക, വൈകുന്നേരങ്ങളിലെ പനി, അമിത ക്ഷീണം, നെഞ്ചുവേദന, വിശപ്പില്ലായ്മ, കഴലവീക്കം, രാത്രികാലങ്ങളിലെ വിയർപ്പ്, പെട്ടെന്ന് ശരീരഭാരം കുറയുക, പെട്ടെന്നുണ്ടാകുന്ന മറ്റു ശാരീരിക മാറ്റങ്ങൾ എന്നീ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരെ ക്ഷയരോഗപരിശോധനയ്ക്ക് റഫർ ചെയ്യും.
പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നവർക്ക് സമ്പൂർണ സൗജന്യചികിത്സ നൽകും. ആറുമാസം മുതൽ എട്ടു മാസം വരെയാണ് ചികിത്സ. ഓരോ രോഗിക്കും ചികിത്സിക്കാനാവശ്യമായ മരുന്നുകൾ ആരോഗ്യപ്രവർത്തകർ വഴി എത്തിച്ചു നൽകും. ക്ഷയരോഗചികിത്സക്ക് മരുന്നിനൊപ്പം തന്നെ പ്രധാനമാണ് പോഷകാഹാരം എന്നതിനാൽ ആറുമാസം 1000 രൂപ വീതം നിക്ഷയ് പോഷണ് യോജന വഴി കേന്ദ്രസർക്കാർ ധനസഹായം നൽകും. കൂടാതെ നിക്ഷയ് മിത്ര പദ്ധതി വഴി സ്വകാര്യ വ്യക്തികളിൽനിന്നും സംഘടനകളിൽ നിന്നും പോഷകാഹാര കിറ്റുകളും സമാഹരിച്ച് നൽകും.

ജില്ലയിലാകെ ബോധവത്കരണം

പരിപാടിയുടെ പ്രചാരണത്തോടൊപ്പം ജില്ലയിൽ വ്യാപക ബോധവത്കരണം നടത്തും. ആശാ പ്രവത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകൾ സന്ദർശിക്കും. കുടുംബശ്രീ, അങ്കണവാടി, സ്വയംസഹായസംഘങ്ങൾ എന്നിവയിലൂടെയും സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കും. ക്ഷയരോഗം മുൻപ് ചികിത്സിച്ച് ഭേദമാക്കിയ വ്യക്തികളെ ഒരു ബ്ലോക്കിൽ നിന്ന് ഒരാളെയെങ്കിലും കണ്ടെത്തി ടി.ബി. ചാമ്പ്യൻമാരായി പ്രഖ്യാപിച്ച് അവരുടെ അനുഭവസാക്ഷ്യങ്ങൾ ബോധവത്കരണത്തിന് ഉപയോഗിക്കും.
750 രൂപവീതം കുറഞ്ഞത് ആറു മാസത്തേക്ക് സംഭാവന ചെയ്യാൻ കഴിയുന്നവർക്ക് നിക്ഷയ് മിത്ര പദ്ധതിയിൽ അംഗമായി ക്ഷയരോഗികൾക്ക് പോഷകാഹാരം നൽകുന്ന പരിപാടിയുടെ ഭാഗമാകാം. താൽപര്യമുള്ളവർ പ്രദേശത്തെ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർമാരെ ബന്ധപ്പെടണം.
ജില്ലയിൽ പ്രതിവർഷം 1500 പേർക്ക് പുതുതായി ക്ഷയരോഗം കണ്ടെത്തുന്നുണ്ട്. ഇവരിൽ നേരത്തെ രോഗം കണ്ടെത്താത്തതുമൂലവും കൃത്യമായി മരുന്നുകഴിക്കുന്നതിൽ വീഴ്ചവരുത്തുന്നതുമൂലവും ശരിയായി പോഷകാഹാരങ്ങൾ കഴിക്കാത്തതുമൂലവും മറ്റു ഗുരുതരരോഗങ്ങൾ കൂടി ബാധിക്കുന്നതുമൂലവും 10 ശതമാനത്തോളം ആളുകൾ മരിക്കുന്നതായാണ് കണക്ക്. പരിശോധന കൂടുതൽ വ്യാപിപ്പിച്ച് രോഗബാധിതരെ എല്ലാവരെയും നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സയും പോഷകാഹാരവും നൽകി രോഗപ്പകർച്ചയും മരണവും പൂർണമായും തടയുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന്
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ ടി.ബി. ഓഫീസർ ഡോ. ബാബു വർഗീസ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.