വിവിധ പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ തറകല്ലിടലും, സംസ്ഥാനത്തിന് അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസുകൾ ഉൾപ്പടെയുള്ള നാല് പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫും തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ രാജ്യത്തെ വലിയൊരു സ്റ്റാർട്ടപ്പ് കേന്ദ്രമായി മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്. വികസിത ഭാരതത്തിന്റെ നിർമ്മാണത്തിൽ നഗരങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. തിരുവനന്തപുരം - താംബരം, തിരുവനന്തപുരം - ചാർലപ്പള്ളി, നാഗർകോവിൽ - മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസുകളും, ഗുരുവായൂർ - തൃശൂർ പാസഞ്ചർ തുടങ്ങിയ നാലു ട്രെയിനുകൾ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പാപ്പനംകോട് സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (NIIST) ക്യാംപസിലെ ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രേണർഷിപ്പ് ഹബ്ബിന്റെയും, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ റേഡിയോ സർജറി സെന്ററിന്റെയും, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെയും തറക്കല്ലിടലും നിർവഹിച്ചു. പി.എം. സ്വനിധിയുടെ ക്രെഡിറ്റ് കാർഡും, ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള വായ്പ വിതരണ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. നഗരങ്ങളിലെ സാധാരണക്കാരുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി ആവാസ് യോജന വഴി രാജ്യത്ത് നാലു കോടി വീടുകൾ നിർമ്മിച്ചു നൽകി. ഇതിൽ ഒരു കോടിയിലധികം വീടുകൾ ലഭിച്ചത് നഗരപ്രദേശത്തെ ജനങ്ങൾക്കാണ്. ഈ പദ്ധതിയിലൂടെ കേരളത്തിൽ 2.5 ലക്ഷം നഗരവാസികൾക്ക് സുരക്ഷിതമായ വീടുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, സൗജന്യ വൈദ്യുതിക്കായി പി.എം സൂര്യഘർ യോജനയും, പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കുന്നുണ്ട്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വഴിയോര കച്ചവടക്കാർക്കായി ആവിഷ്‌കരിച്ച പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ബാങ്ക് വായ്പ സാധ്യമാക്കി. കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡുകൾ നൽകുന്ന പദ്ധതിക്കും തുടക്കമായി. സമ്പന്നരുടെ കൈകളിൽ മാത്രം ഉണ്ടായിരുന്ന ക്രെഡിറ്റ് കാർഡ് ഇപ്പോൾ സാധാരണക്കാരായ വഴിയോര കച്ചവടക്കാർക്കും ലഭ്യമായിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ആശംസിച്ചു. അമൃത് ഭാരത് ട്രെയിനുകളടക്കം ലഭിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതാണെന്നും സംസ്ഥാന സർക്കാരിന് വലിയ സംതൃപ്തി നൽകുന്ന നിമിഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഈ കേന്ദ്ര പദ്ധതികൾക്ക് അനുമതി നൽകിയതിന് പ്രധാനമന്ത്രിയോടുള്ള നന്ദി അദ്ദേഹം അറിയിച്ചു. കേരളം ഉന്നയിച്ചിട്ടുള്ള മറ്റ് വിവിധ ആവശ്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര റെയിൽവേ വകുപ്പ് സഹമന്ത്രി വി സോമണ്ണ, കേന്ദ്ര ന്യൂനപക്ഷകാര്യ - ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, മേയർ വി വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.


