കൃഷിക്കാരന് കൃഷി അവകാശമാക്കി മാറ്റണമെന്ന് പിഎസി ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍ എംപി.

Jan 31, 2026
കൃഷിക്കാരന് കൃഷി അവകാശമാക്കി മാറ്റണമെന്ന് പിഎസി ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍ എംപി.
k c venugopal m p

പൊടിമറ്റം (കാഞ്ഞിരപ്പള്ളി):


മിനിമം സപ്പോര്‍ട്ട് പ്രൈസ് നിയമം കൊണ്ടുവന്ന് കൃഷിക്കാരന് കൃഷി അവകാശമാക്കി മാറ്റണമെന്ന് പിഎസി ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍ എംപി. ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന്‍ കാര്‍ണിവല്‍ - കൈക്കോട്ടും ചിലങ്കയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  മിനിമം സപ്പോര്‍ട്ട് പ്രൈസ് ആരുടെയും ഔദാര്യമല്ല, അവകാശമാക്കി മാറ്റണം. കൃഷിക്കാരനെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കുണ്ട്. കൃഷിക്കാരനെ കടക്കണയില്‍ നിന്ന് രക്ഷിക്കാനുള്ള ചിന്ത സര്‍ക്കാരിനുണ്ടാകണം. കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് മനസിലാക്കി അതിനെ എങ്ങനെ തരണം ചെയ്യാമെന്നു മനസിലാക്കി വേണം മിനിമം സര്‍പ്പോര്‍ട്ട് പ്രൈസ് നല്‍കേണ്ടത്.  നിരവധിയായ കര്‍ഷക പ്രശ്‌നങ്ങളില്‍ കര്‍ഷകരുടെ ആത്മാഭിമാനം ഉയര്ത്തിപ്പിടിച്ച ധീരമായ നിലപാടുകളായിരുന്നു ഇന്‍ഫാം നടത്തിയത്.  കൃഷിക്കാരന് സ്വാഭിമാനം നല്‍കാനും യഥാര്‍ഥമായ അധ്വാനശേഷിയെ ഉയര്‍ത്തിക്കാട്ടാനും ബഹുമുഖമായ പോരാട്ടങ്ങള്‍ നല്‍കി.  ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാന്‍, കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



*************

കര്‍ഷക തൊഴിലാളികള്‍ക്ക് വരെ പെന്‍ഷനും ആനുകൂല്യങ്ങളും നടത്തപ്പെടുന്ന കാലഘട്ടത്തില്‍ കര്‍ഷകന് ഇവയൊന്നും അവകാശമായി കിട്ടിയിട്ടില്ലെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍  പറഞ്ഞു.  കര്‍ഷകര്‍ പണിയായുധങ്ങളുമായി നടത്തിയ പോരാട്ടമാണ് വികസനത്തിനൊക്കെ വഴിതുറന്നത്. റബര്‍, പരുത്തി, കാപ്പി കൃഷിയിലൊക്കെ കുറേക്കൂടി അംഗീകാരം കൊടുക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് കുറേക്കൂടി വളര്‍ന്നേനെ. കേരളം ഒട്ടേറെ വളര്‍ന്നെങ്കിലും സ്വന്തം ആഹാര്ത്തിനായി മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടേണ്ട ഗതികേടിലാണ് പലപ്പോഴും. കാര്‍ഷിക സംസ്‌കാരം കുറേക്കൂടി കാത്തുസൂക്ഷിക്കാന്‍ സഭ മുന്നോട്ടു വന്നതിന്റെ തിരുശേഷിപ്പാണ് ഇന്‍ഫാം. ഇന്‍ഫാമിന്റെ വലിയ സംഭാവനകളെ നന്ദിയോടെ ഓര്‍ക്കുന്നു.  കര്‍ഷകന് അഭിമാനബോധം കൊടുക്കുന്നതില്‍ ഇന്‍ഫാം നടത്തിയ വലിയ സംഭാവന ഒരിക്കലും മറക്കാന്‍ സാധിക്കില്ല. കാര്‍ഷിക സംസ്‌കാരം നമ്മുടെ നാടിന്റെയും നമ്മുടെ സംസ്‌കാരത്തിന്റെ അഭിവാജ്യ ഭാഗമാണെന്ന് നമ്മുടെ ജനത്തെ ബോധ്യപ്പെടുത്താന്‍ ഇന്‍ഫാം നടത്തിയത് വലിയ പ്രയത്‌നമാണ്. - മാര്‍ റാഫേല്‍ കൂട്ടിച്ചേര്‍ത്തു.

*******

വലിയ പോരാട്ടവീര്യമുള്ളവരാണ് കര്‍ഷകരെന്ന് കാലം തെളിയിച്ചതായും അവര്‍ക്ക് ആരുടെയും മുമ്പില്‍ തലകുനിക്കാതെ ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കുമെന്നും മുന്നോട്ടുള്ള കാലം പ്രത്യാശയുടേതാണെന്ന് സൂചിപ്പിക്കുന്നതാണ് ഇന്‍ഫാമിന്റെ ജൂബിലിയെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപത മെത്രാനുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

***********

കക്ഷിരാഷ്ട്രീയ, ജാതിമത ചിന്തകള്‍ക്കതീതമായി ദേശീയ സ്വഭാവത്തോടെ ഇന്‍ഫാം വളര്‍ന്നിരിക്കുന്നുവെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പും രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകനെ പിന്നോട്ടു നയിക്കാന്‍ ഒരു വിഭാഗീയ വിധ്വംസക ശക്തികള്‍ക്കും സാധ്യമല്ലെന്ന് പ്രഖ്യാപിക്കുകയാണ് ഇന്‍ഫാമിന്റെ സമ്മേളനം. അടിസ്ഥാന വിഭാഗമായ കര്‍ഷകജനതയെ അവഗണിച്ചാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരും. കര്‍ഷകരെ ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ അനിവാര്യത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.


യോഗത്തില്‍ ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കലിനെ കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടില്‍ ആദരിച്ചു.  ഒരു ജനതയുടെ വികസന വഴികളില്‍ ഇന്‍ഫാം നടത്തിയ ഇടപെടലുകള്‍ വലുതാണ്. മലയോര പ്രദേശങ്ങളിലും മലനാട്ടിലും ഇടനാട്ടിലും ഇന്‍ഫാമിന്റെ കരസ്പര്‍ശമുണ്ടായിട്ടുണ്ട്. കര്‍ഷക കൂട്ടായ്മയില്‍ എന്ന നിലയില്‍ ആരംഭിച്ച് ഇന്‍ഫാം ഇപ്പോള്‍ കേരളത്തിനു പുറത്തും സാന്നിധ്യം ഉറപ്പിച്ചു. കാര്‍ഷിക ലോകം ഇന്‍ഫാമിനെയാണ് ഉറ്റുനോക്കുന്നതെന്നും മാര്‍ അറയ്ക്കല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

********************
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരായ കലാകാരന്മാരാണ് കിസാന്‍ കാര്‍ണിവല്‍ - കൈക്കോട്ടും ചിലങ്കയില്‍ പരിപാടിയില്‍ അണി നിരക്കുന്നതെന്നും  ഈ ഒത്തുചേരല്‍, അറിവിന്റെയും സാങ്കേതികവിദ്യകളുടെയും കൈമാറ്റത്തിനും സാംസ്‌കാരിക രൂപീകരണത്തിനും അന്തര്‍സംസ്ഥാന വാണിജ്യ ബന്ധത്തിനും ഉപകരിക്കുന്നതാകട്ടെയെന്നും ആമുഖ പ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

*************

ആന്റോ ആന്റണി എംപി, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് അരുണാചല്‍പ്രദേശ്, തമിഴ്‌നാട്, ഗോവ, ഗുജറാത്ത്, ആന്ധ്ര, കേരള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്‍ഫാം കലാകാരന്മാരുടെ കലാ സാംസ്‌കാരിക പരിപാടികള്‍ നടന്നു.


ഫോട്ടോ....
ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന്‍ കാര്‍ണിവല്‍ - കൈക്കോട്ടും ചിലങ്കയും കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.  മാത്യു മാമ്പറമ്പില്‍, ജോയി തെങ്ങുംകുടി, മാര്‍ മാത്യു അറയ്ക്കല്‍, ആന്റോ ആന്റണി എംപി, മാര്‍ ജോസ് പുളിക്കല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഫാ. ജോസഫ് കാവനാടി, ഫാ.ജോസഫ് ചെറുകരക്കുന്നേല്‍, ഫാ. തോമസ് മറ്റമുണ്ടയില്‍ എന്നിവര്‍ സമീപം.


ഫോട്ടോ...
ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കലിനെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആദരിക്കുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.