കര്‍ഷക ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിവരുന്ന പ്രസ്ഥാനമാണ് ഇന്‍ഫാമെന്ന് മുഖ്യമന്ത്രി
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലം മധ്യകേരളത്തിലെയും മലയോര മേഖലയിലെയും കര്‍ഷക ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിവരുന്ന പ്രസ്ഥാനമാണ് ഇന്‍ഫാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും വലിയ പ്രത്യേകത ജാതിമത ചിന്തകള്‍ക്കതീതമായി കര്‍ഷകരെ സംഘടിപ്പിക്കുകയും അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആദര്‍ശം. തികച്ചും മാതൃകാപരമായി തന്നെ ആ ദൗത്യം ഈ പ്രസ്ഥാനം നിര്‍വഹിച്ചുവരുന്നു. കര്‍ഷകന്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നും കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നത്തിന് സ്വയമായി വില നിശ്ചയിക്കുന്ന ഒരു കാലം വരണമെന്നുള്ള വലിയ ലക്ഷ്യത്തോടെയാണ് ഈ പ്രസ്്ഥാനം കെട്ടിപ്പടുത്തത്.
പഞ്ചവത്സര പദ്ധതിയെന്ന നിലയില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിനും മൂല്യവര്‍ധനവിനും സഹായിക്കുന്ന പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമാക്കാന്‍ കഴിയുന്ന ഒന്നാണ്. പച്ചക്കറി കൃഷിയില്‍ വലിയ മാറ്റം ഇപ്പോള്‍തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതികൂടി വരുമ്പോള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും.
ഇന്‍ഫാം എന്നത് വെറുമൊരു സംഘടനയല്ല. അതൊരു വികാരമാണ്. കര്‍ഷകരെ ഒന്നിച്ചു നിര്‍ത്താന്‍ ഇന്‍ഫാമിനു സാധിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോലം ഇത്തരം പ്രസ്ഥാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കാര്‍ഷിക നയ രൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ട് കാര്‍ഷികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടോ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇന്‍ഫാമിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ നല്‍കുമ്പോള്‍ അത് അതീവ ഗൗരവത്തോടെ പരിഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വരും കാലങ്ങളിലും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടാനും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള പദ്ധതികളാവിഷ്‌കരിക്കാനും ഇന്‍ഫാം നേതൃത്വപരമായ പങ്ക് വഹിക്കണം.
കൃഷി കേവലമൊരു ഉപജീവനമാര്‍ഗമല്ല. മറിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരെ സംബന്ധിച്ചിത്തോളം കര്‍ഷകരുടെ ഉന്നമനമെന്നത് നയപരമായ മുന്‍ഗണനയാണ്. അതുകൊണ്ടു തന്നെ ഇന്‍ഫാം ഉയര്‍ത്തുന്ന കാര്‍ഷക താല്‍പ്പര്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നയ സമീപനവും ഏതാണ്ട് ഒന്നു തന്നെയാണ്.
നമ്മുടെ നാട് പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഇന്‍ഫാം മാതൃകാപരമായ ഇടപെടലുകള്‍ നടത്തി.
കോവിഡ്, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇന്‍ഫാം നടത്തിയ പ്രവര്‍ത്തനം വലുതാണ്.
മതനിരപേക്ഷതയും വികസനവും ൈകക്കോര്‍ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഇന്‍ഫാമിനെപ്പോലുള്ള കര്‍ഷക സംഘടനകളുടെ സേവനം വലുതാണ്. ഇന്‍ഫാമിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചവത്സര പദ്ധതികള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനത്തില്‍ ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ആവിഷ്‌കരിച്ച പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതി രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയിലുള്ള വിവിധ പ്രതിസന്ധികളില്‍ ശക്തമായ നേതൃത്വം നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഫാമിനു സാധിച്ചുവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കര്‍ഷകര്‍ വെല്ലുവിളി നേരിടുന്ന കാലമാണിത്. കൃഷി സ്ഥലങ്ങള്‍ കുറയുന്നതിനൊപ്പം കര്‍ഷകരും കുറയുന്ന സാഹചര്യമാണ് ഉള്ളത്. അധ്വാനത്തിനൊത്ത ഫലം ലഭിക്കാത്തതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ ഒരുമിച്ച് നില്‍ക്കേണ്ടത്. ഒരുമിച്ചു നിന്നാല്‍ കാര്‍ഷിക മേഖലയില്‍ വലിയ വിജയം നേടാന്‍ സാധിക്കും. ആ പ്രത്യാശയാണ് ഇന്‍ഫാം എന്ന കാര്‍ഷിക സംഘടന നല്‍കുന്നത്. ഒരുമിച്ച് നിന്ന് ഇന്‍ഫാം എന്ന സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ഗൗരവകരമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രസ്ഥാനമാണ് ഇന്‍ഫാം എന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
കാര്‍ഷികമേഖലയിലെ ചെറുതും വലുതമായ പ്രശ്‌നങ്ങളില്‍ തങ്ങളുടേതായ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തിയും കൃഷിക്കാരുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു വന്ന ഇന്‍ഫാം കൃഷിക്കാരുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള ഏറ്റവും വലിയ പ്രസ്ഥാനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, ജോസ് കെ. മാണി എംപി, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, കാഞ്ഞിരപ്പള്ളി രൂപത മുഖ്യ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്, അന്നമ്മ വര്‍ഗീസ്, ഇന്‍ഫാം നാഷണല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോ...
ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ഫാ. ജോസഫ് വെള്ളമറ്റം, പി.എ. ഷെമീര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജോസ് കെ. മാണി എംപി, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഫാ. ജോസഫ് കാവനാടി, മന്ത്രി വി.എന്‍. വാസവന്‍, മാര്‍ മാത്യു അറയ്ക്കല്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഫാ. തോമസ് മറ്റമുണ്ടയില്‍ എന്നിവര്‍ സമീപം.
******
പച്ചപ്പൊലിമ പഞ്ചവത്സര പദ്ധതി പ്രകാശനം ചെയ്തു
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ആവിഷ്‌കരിച്ച പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതി രേഖയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
'സുഭിക്ഷ ഭാരതത്തിന് സുരക്ഷിത ഭക്ഷണം ഒരുക്കുക' എന്നതാണ് പച്ചപ്പൊലിമ പഞ്ചവത്സര പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നടപ്പാക്കാന്‍ വിവിധ കര്‍മ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. മണ്ണ് സംരക്ഷണത്തിനായി ഭൂമി പുനര്‍ജനി പദ്ധതിയും ധരണീ സമൃദ്ധി പദ്ധതിയും, ഭക്ഷ്യ സുഭിക്ഷതയ്ക്കായി കേരഗ്രാമം, മധു ഗ്രാമം (ഹണി വില്ലേജ്), ധാന്യഗ്രാമം, ക്ഷീരഗ്രാമം, ഫലഗ്രാമം എന്നിവയുടെ 500 ഗ്രാമങ്ങള്‍ വീതവും, പച്ചക്കറികളുടെ സമൃദ്ധിക്കുവേണ്ടി ഒരു ലക്ഷം കുടുംബങ്ങളില്‍ അടുക്കളത്തോട്ടം പദ്ധതിയും നടപ്പിലാക്കും. കൂടാതെ കാര്‍ഷിക വിളകളുടെ സംഭരണത്തിനും സംസ്‌കരണത്തിനും മൂല്യവര്‍ധനവിനുമുള്ള മാര്‍ഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുള്ള കാര്‍ഷികജില്ലകളുടെ നേതൃത്വത്തില്‍ സാമൂഹ്യ സന്നദ്ധ സംഘടനകള്‍ വഴിയും സമാന സ്വഭാവമുള്ള സ്ഥാപനങ്ങള്‍ വഴിയും നടപ്പിലാക്കും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനുവേണ്ടി കേരളത്തില്‍ 250 -ാളം ഇന്‍ഫാം മാര്‍ട്ടുകളും നൂറില്‍പരം ഇന്‍ഫാം അഗ്രി മാര്‍ട്ടുകളും ആരംഭിക്കും. സംസ്ഥാന തലത്തിലും അന്തര്‍സംസ്ഥാന തലത്തിലും നിലവിലുള്ള വ്യാപാര വിപണന ശൃംഖലകളുമായി ഇന്‍ഫാമിന്റെ കിസാന്‍ ദോസ്ത് പദ്ധതിപ്രകാരം കൈകോര്‍ക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഫോട്ടോ..
പച്ചപ്പൊലിമ പഞ്ചവത്സര പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായ വിജയന്‍ നിര്‍വഹിക്കുന്നു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജോസ് കെ. മാണി എംപി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മന്ത്രി വി.എന്‍. വാസവന്‍, ഡോ. എന്‍. ജയരാജ് എന്നിവര്‍ സമീപം.


