എസ് പി സുജിത് ദാസിന് സസ്‌പെൻഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയ വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ എസ് പി സുജിത് ദാസിന് സസ്‌പെൻഷൻ. പി.വി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ എഡിജിപി എം.ആർ അജിത്കുമാറിനെ കുറിച്ചും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചും സുജിത് ദാസ് വെളിപ്പെടുത്തിയത് സേനയ്‌ക്കാകെ അപമാനമായിരുന്നു.
സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തി എന്നാണ് ഡിജിപി നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. പത്തനംതിട്ട മുൻ എസ് പിയായിരുന്നു സംഭവം നടക്കുമ്പോൾ സുജിത് ദാസ്. എസ് പിയുടെ നടപടി സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടാണെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറിയിരുന്നു.
മലപ്പുറം എസ് പി ഓഫീസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചതിന്റെ പേരിലും നിലമ്പൂർ എംഎൽഎ പി.വി അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നുമാണ് എസ് പി സുജിത് ദാസ് വിവാദത്തിലായത്. തുടർന്ന് അവധിയെടുത്ത ശേഷം മാറിനിൽക്കുകയായിരുന്നു. കഴിഞ്ഞദിവസം അദ്ദേഹം ഡിജിപിയ്‌ക്ക് മുന്നിൽ ഹാജരായിരുന്നു.
മലപ്പുറം എസ്പി ആയിരിക്കെ നടന്ന മരംമുറിയെ തുടർന്നുണ്ടായ പരാതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതോടെ വകുപ്പുതല അന്വേഷണം തുടങ്ങിയിരുന്നു. തുടർന്നാണ് എസ് പി അവധിയിൽ പോയത്. എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ പരാമർശിക്കുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് വിവാദം തുടങ്ങിയത്. ഒരു തേക്കും മഹാഗണിയുമാണ് മുറിച്ചുമാറ്റിയത്.