പരമ്പരാഗത ഉത്പന്നമായ ഗുരുവായൂർ പപ്പടത്തിന് ഭൗമസൂചികാ പദവി ലഭിക്കാൻ പഠനം
നബാർഡും തൃശ്ശൂർ കൊടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന കാദംബരി എന്ന സന്നദ്ധസംഘടനയും ചേർന്നാണ് പഠനപ്രവർത്തനം നടത്തുന്നത്.

തൃശ്ശൂർ: പരമ്പരാഗത ഉത്പന്നമായ ഗുരുവായൂർ പപ്പടത്തിന് ഭൗമസൂചികാ പദവി ലഭിക്കുന്നതിന് പഠനമാരംഭിച്ചു. നബാർഡും തൃശ്ശൂർ കൊടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന കാദംബരി എന്ന സന്നദ്ധസംഘടനയും ചേർന്നാണ് പഠനപ്രവർത്തനം നടത്തുന്നത്. ഗുരുവായൂർ പപ്പടമുണ്ടാക്കുന്നതിലെ പരമ്പരാഗത അറിവും നൈപുണ്യവും മറ്റു പ്രത്യേകതകളും രേഖപ്പെടുത്തുകയാണ് പ്രധാനലക്ഷ്യം. മാത്രമല്ല, നിയമ പരിരക്ഷ ഉറപ്പാക്കുക, അനുകരണം ഒഴിവാക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്.
ഗുരുവായൂരിന്റെ സമീപപ്രദേശങ്ങളിലും പാവറട്ടിക്കടുത്ത് ചിറ്റാട്ടുകരയിലുമാണ് ഗുരുവായൂർ പപ്പടമുണ്ടാക്കുന്നത്. പരമ്പരാഗതമായി നടത്തുന്ന പപ്പട നിർമാണത്തിന് സാങ്കേതിക പിന്തുണയും നൈപുണ്യ വികസന- സംരംഭകത്വ വികസന പരിശീലനവും പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കും. ഇതുവഴി പരമ്പരാഗതമായി പപ്പടമുണ്ടാക്കുന്ന സമുദായങ്ങളുടെ ഉയർച്ചയ്ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണിത്.പരമ്പരാഗത ഉത്പന്നമായ ഗുരുവായൂർ പപ്പടത്തിന്റെ പൈതൃക സംരക്ഷണം, പ്രോത്സാഹനം, ദേശീയ അന്തർദേശീയ തലത്തിൽ അംഗീകാരം ഉറപ്പാക്കൽ എന്നിവയും ലക്ഷ്യമിടുന്നുണ്ട്. ഭൗമസൂചിക പദവി നേടുന്നതുവഴി ആധികാരികത സംരക്ഷിക്കാം. മാത്രമല്ല, കൂടുതൽ വിപണി സാധ്യത ലഭിക്കും. അതുവഴി പരമ്പരാഗത പപ്പട നിർമാണത്തൊഴിലാളികളെ ശാക്തീകരിക്കാനും കഴിയും. പരമ്പരാഗത തൊഴിലുകളിൽനിന്ന് വിട്ടുപോകുന്ന യുവതലമുറയെ തിരിച്ചാകർഷിക്കാനുമാകും