വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്? മറുപടി പറയേണ്ടി വരും, റിപ്പോർട്ട് തേടി ബാലാവകാശ കമ്മിഷൻ
കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് പ്ലസ് വൺ വിദ്യാർത്ഥി
പാലക്കാട്: തൃത്താലയിൽ അദ്ധ്യാപകനെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് തേടി. വീഡിയോ പുറത്തുവന്നതിൽ ഉൾപ്പടെയാണ് വിശദീകരണം തേടിയത്. വീഡിയോ പുറത്ത് വന്നത് എങ്ങനെയെന്ന് ബാലാവകാശ കമ്മിഷനും പരിശോധിക്കും. വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തെറ്റാണെന്ന രീതിയിൽ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് റിപ്പോർട്ട് തേടിയത്. എന്തിനാണ് വീഡിയോ ചിത്രീകരിച്ചത്, ആരാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് എന്ന ചോദ്യങ്ങൾക്ക് സ്കൂൾ അദ്ധ്യാപകർ മറുപടി നൽകേണ്ടിവരും. ഫ്രെബുവരി ആറിന് സ്കൂളിൽ ബാലാവകാശ കമ്മിഷൻ സന്ദർശനം നടത്തും.
മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് അദ്ധ്യാപകർക്കുനേരെ പ്ളസ് വൺകാരൻ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രധാന അദ്ധ്യാപകന്റെ മുറിയിലിരുന്നായിരുന്നു ഭീഷണി. സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നതിനെ തുടർന്ന് അദ്ധ്യാപകർ ഫോൺ പിടിച്ചുവയ്ക്കുകയായിരുന്നു.
ഫോൺ വാങ്ങിയതിൽ വിദ്യാർത്ഥി അദ്ധ്യാപകനുമായി പ്രശ്നമുണ്ടാക്കി. തുടർന്നാണ് പ്രധാന അദ്ധ്യാപകന്റെ മുറിയിലേക്കു വിളിപ്പിച്ചത്. അവിടെ വച്ചാണ് വിദ്യാർത്ഥി അദ്ധ്യാപകനെ തീർക്കുമെന്നും കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണിയുയർത്തിയത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർത്ഥി പ്രധാനാദ്ധ്യാപകനോട് പറഞ്ഞത്. അദ്ധ്യാപകൻ മൊബൈൽ ഫോൺ കൊടുക്കാതിരുന്നതോടെ പുറത്തിറങ്ങിയാൽ കാണിച്ച് തരാമെന്നായി ഭീഷണി. പുറത്തിറങ്ങിയാൽ എന്താണ് ചെയ്യുകയെന്ന് അദ്ധ്യാപകൻ ചോദിച്ചതോടെയാണ് കൊന്നുകളയുമെന്ന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയത്. തുടർന്ന് അദ്ധ്യാപകരും പി.ടി.എയും തൃത്താല പൊലീസിൽ പരാതി നൽകി.
അതേസമയം, അദ്ധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് പ്ലസ് വൺ വിദ്യാർത്ഥി പറഞ്ഞു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോൺ വാങ്ങിവച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.