സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി4 മുതൽ തിരുവനന്തപുരത്ത്, ശാസ്‌ത്രോത്സവം നവം. 15 മുതൽ ആലപ്പുഴയിൽ
സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി നാലുമുതൽ എട്ടുവരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി നാലുമുതൽ എട്ടുവരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കും. നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. തദ്ദേശീയ കലാരൂപങ്ങൾകൂടി മത്സര ഇനമായി ഇക്കുറി അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. 249 ഇനങ്ങളിലായി 15,000 പേർ കലോത്സവത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഡിസംബർ മൂന്നു മുതൽ ഏഴുവരെയാണ് സംസ്ഥാന കലോത്സവം നിശ്ചയിച്ചിരുന്നത്. ഡിസംബർ നാലിന് കേന്ദ്രം നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ് തീയതി മാറ്റിയത്.
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പതിനായിരത്തോളം മത്സരാർഥികൾ മാറ്റുരയ്‌ക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലായാണ് മത്സരം. 180 ഇനങ്ങളിൽ മത്സരമുണ്ടാകും. വൊക്കേഷണൽ എക്‌സ്‌പോയും കരിയർഫെസ്‌റ്റും ശാസ്ത്രോത്സവത്തിന്റെ ഭാഗമായുണ്ട്.