എസ്. അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; ടി. വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
ശബരിമലയിലെ പുതിയ മേൽശാന്തിയായി എസ്. അരുൺ കുമാർ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി തിരുമംഗലം ഇല്ലം ടി. വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു
പത്തനംതിട്ട : ശബരിമലയിലെ പുതിയ മേൽശാന്തിയായി എസ്. അരുൺ കുമാർ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം ടി. വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ എസ്. അരുൺ കുമാർ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും നിലവിൽ കൊല്ലം ലക്ഷ്മിനട ക്ഷേത്രം മേൽശാന്തിയുമാണ്. ശബരിമല മേൽശാന്തി പട്ടികയിൽ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ട്. ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് പുതിയ നിയോഗം. രാവിലെ എട്ടുമണിയോടെ സന്നിധാനത്തായിരുന്നു നറുക്കെടുപ്പ്.
ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു പ്രാഥമിക പട്ടികയിൽ ഉണ്ടായിരുന്നത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, സ്പെഷൽ കമീഷണറും ജില്ലാ ജഡ്ജിയുമായ ആർ. ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വർമ ശബരിമലയിലെയും എം. വൈഷ്ണവി മാളികപ്പുറത്തെയും കുറിയെടുത്തു.
തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുക