‘ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം:സിപിഎം സംസ്ഥാന സെക്രട്ടറി
വിവിധ ഹൈന്ദവ സംഘടനകൾ ഇന്നലെ പ്രത്യക്ഷ സമരങ്ങൾക്ക് തുടക്കമിട്ട് പത്തനംതിട്ട കളക്ടറേറ്റ് കവാടത്തിൽ ധർണ നടത്തി

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉറപ്പാക്കണമെന്ന ആവശ്യം സി.പി.ഐ കടുപ്പിച്ചതോടെ ദേവസ്വം ബോർഡിൽ ഉടലെടുത്ത ഭിന്നത മുന്നണിതലത്തിലേക്ക് നീങ്ങി. ഇതോടെ പ്രശ്നം പരിക്കുകളില്ലാതെ പരിഹരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറനീക്കി രംഗത്തെത്തി.
കാൽനടയായി എത്തിച്ചേരുന്നവർ ഉൾപ്പെടെ എല്ലാ ഭക്തജനങ്ങൾക്കും കൃത്യമായി സന്നിധാനത്തേക്കു പോകാനും ദർശനം നടത്താനും സൗകര്യമുണ്ടാവണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ സി.പി.എമ്മിന് ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും വർക്കല വെട്ടൂരിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
സി.പി.എം വിശ്വാസികൾക്ക് ഒപ്പമാണ്. വർഗീയവാദത്തിന് എതിരെയുള്ള മുന്നണി പോരാളികൾ വിശ്വാസികൾ തന്നെയാണ്. വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു പ്രശ്നമുണ്ടാക്കാൻ ആർ. എസ്. എസും ബി. ജെ. പിയും വിശ്വാസത്തെ ഉപകരണമാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.