സർക്കാർഭൂമി തിരിച്ചുപിടിക്കൽ; അന്വേഷണത്തിന് കൂടുതൽ സമയംതേടി സർക്കാർ
2023 ഡിസംബർ 22നുണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാർച്ചിൽ അന്വേഷണ നടപടികൾ പൂർത്തിയാക്കേണ്ടതാണ്

കൊച്ചി: മുംബൈയിലെ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കൈവശമെത്തിയ ഭൂമി തിരിച്ചുപിടിക്കാനുള്ള അന്വേഷണ നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശിച്ച മൂന്ന് മാസം മതിയാകില്ലെന്ന് സർക്കാർ. മൂന്നാർ ദൗത്യസമയത്ത് ചിന്നക്കനാലിൽ സർക്കാർ ഏറ്റെടുത്ത, ഇപ്പോൾ അപ്പോത്തിയോസിസ് എന്ന കമ്പനിയുടെ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ പൂർത്തിയാക്കാനാവാതെയാണ് സർക്കാർ വലയുന്നത്. 2023 ഡിസംബർ 22നുണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാർച്ചിൽ അന്വേഷണ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. എന്നാൽ, ഇനിയും മൂന്നുമാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് സർക്കാർ.