‘നിപ’ ഭീഷണി ഇല്ലാതാക്കാൻ മുൻകരുതലിന്റെ ഭാഗമായി വവ്വാലുകളിൽ സാമ്പ്ൾ പരിശോധനക്ക് തുടക്കം
ന്ദ്ര സർക്കാർ മാർഗനിർദേശപ്രകാരം വനം വകുപ്പ് സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പാണ് സാമ്പ്ൾ ശേഖരണം ആരംഭിച്ചത്
തിരുവനന്തപുരം: ‘നിപ’ ഭീഷണി ഇല്ലാതാക്കാൻ മുൻകരുതലിന്റെ ഭാഗമായി വവ്വാലുകളിൽ സാമ്പ്ൾ പരിശോധനക്ക് തുടക്കം. കേന്ദ്ര സർക്കാർ മാർഗനിർദേശപ്രകാരം വനം വകുപ്പ് സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പാണ് സാമ്പ്ൾ ശേഖരണം ആരംഭിച്ചത്. തലസ്ഥാന ജില്ലയിലെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. ഷീല സാലിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.കേരളത്തെ ആശങ്കയിലാക്കിയ നിപ 2018ൽ കോഴിക്കോട്ടും പിന്നീട് എറണാകുളം ജില്ലയിലുമാണ് സ്ഥിരീകരിച്ചത്. മൂന്നു തവണ രോഗബാധ ഉണ്ടായ ജില്ലയായതിനാൽ കോഴിക്കോട്ട് ആണ് ആദ്യഘട്ടം തുടങ്ങിയത്. മേയ് മുതൽ ഡിസംബർ വരെയാണ് ഇപ്പോഴുള്ള ക്രമീകരണം. മാസം ഏഴുദിവസം എന്ന രീതിയിലാണ് കോഴിക്കോട് ജില്ലയിലെ ജാനകിക്കാട് മേഖലയിൽ ഉൾപ്പെടുന്ന വടകര, കുറ്റ്യാടി പ്രദേശങ്ങളിൽ പരിശോധന നടക്കുന്നത്.വെറ്റിറിനറി സർജന്റെ നേതൃത്വത്തിൽ മേയ് 24ന് തുടങ്ങിയ ആദ്യയാഴ്ച പരിശോധന മേയ് 30വരെ തുടരും. വവ്വാലുകളുടെ സാന്നിധ്യം ആദ്യം നിരീക്ഷിക്കും. പിന്നീട് ജിയോമാപ്പിങ് നടത്തും. തുടർന്ന് സഞ്ചാരപഥവും മനസ്സിലാക്കിയ ശേഷമാകും സാമ്പ്ൾ ശേഖരണം. ചത്ത വവ്വാലുകളെ കണ്ടെത്തുകയാണെങ്കിൽ അവയുടെയും അവശനിലയിലോ മറ്റോ കാണുന്നുണ്ടെങ്കിൽ അവയുടെയും സാമ്പിളും ശേഖരിക്കും.ഓരോ ഘട്ടത്തിലും ശേഖരിക്കുന്ന സാമ്പ്ൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസിൽ പരിശോധിക്കും. ജൂലൈയോടെ ആദ്യഘട്ടം ഫലം വരുമെന്നാണ് പ്രതീക്ഷ. വവ്വാലുകളിൽനിന്ന് ശേഖരിക്കുന്ന സിറം സാമ്പിളുകളിൽ നിപ വൈറസിനെതിരെയുള്ള ഇമ്യൂണോഗ്ലോബലിനുകളുടെ സാന്നിധ്യമാണ് നോക്കുക. പഴംതീനി വവ്വാലുകളിലാണ് കേരളത്തില് നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റു വവ്വാലുകളെ പിടികൂടിയോ അതല്ലെങ്കിൽ സാമ്പ്ൾ ശേഖരിച്ചോ പഠനം നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു.