മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു
ന്യൂദൽഹി: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസ്സായിരുന്നു. മഹാരാഷ്‌ട്ര ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയായിരുന്നു അന്ത്യം.
രാജ്യത്തെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളിലൊരാളാണ്. ലോക്‌സഭാ സ്പീക്കർ, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1972-ൽ കോൺഗ്രസ് ടിക്കറ്റിൽ മഹാരാഷ്‌ട്ര നിയമസഭാംഗമായതോടെയാണ് ശിവരാജ് പാട്ടീലിന്റെ രാഷ്‌ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ച ശേഷം 1980-ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്സഭാംഗമായിരുന്നു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ ലോക്സഭ സ്പീക്കറായിരുന്നു ശിവരാജ് പാട്ടീൽ. 2004-ലെ തിരഞ്ഞെടുപ്പിൽ ലാത്തൂരിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു. തുടർന്ന് 2004-ൽ തന്നെ മഹാരാഷ്‌ട്രയിൽ നിന്ന് രാജ്യസഭാംഗമായി. 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 2008 നവംബർ 26 ന് മുംബൈയിൽ ഭീകരാക്രമണം നടന്നപ്പോൾ ശിവരാജ് പാട്ടീലായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. പിന്നീട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചു


