ശബരിമലയിൽ എൻഡിആർഎഫ് രക്ഷാകവചം: ഇതുവരെ 150-ഓളം തീർഥാടകരെ ആശുപത്രിയിലെത്തിച്ചു; 24 മണിക്കൂറും സേവനം

Dec 12, 2025
ശബരിമലയിൽ എൻഡിആർഎഫ് രക്ഷാകവചം: ഇതുവരെ 150-ഓളം തീർഥാടകരെ ആശുപത്രിയിലെത്തിച്ചു; 24 മണിക്കൂറും സേവനം
NDRF ON SABARIMALA
ശബരിമല: നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്) സേവനം ശബരിമല തീർഥാടനത്തിന് എത്തുന്നവർക്ക് വലിയ ആശ്വാസമാകുന്നു. ഇതിനോടകം സന്നിധാനത്തും നടപ്പന്തലിലുമായി ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട 150-ഓളം തീർഥാടകർക്ക് എൻഡിആർഎഫ് സേവനമുറപ്പാക്കി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
പുൽമേട് വഴി സന്നിധാനത്തേക്ക് വരാൻ ബുദ്ധിമുട്ടിയ നിരവധി തീർഥാടകരെ സ്ട്രെച്ചറുകളിലും മറ്റുമായി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനും ടീമിന് സാധിച്ചു.
ചെന്നൈ അരക്കോണത്തു നിന്നുള്ള നാലാം ബറ്റാലിയൻ ടീമാണ് ശബരിമലയിൽ ദുരന്ത സാധ്യതകൾ നേരിടാൻ രംഗത്തുള്ളത്. ഡെപ്യൂട്ടി കമാൻഡന്റ് (സീനിയർ മെഡിക്കൽ ഓഫീസർ) ഡോ. അർജുൻ എ. ആണ് ശബരിമലയിൽ ടീമിന് നേതൃത്വം നൽകുന്നത്. ഈ ടീമിന്റെ കമാൻഡന്റ് അഖിലേഷ് കുമാറാണ്.
നിലവിൽ എൻഡിആർഎഫ് ടീമിനെ പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലായാണ് വിന്യസിച്ചിട്ടുള്ളത്: സന്നിധാനത്തും നടപ്പന്തലിലും ഇതിനു പുറമെ പമ്പയിലും ടീം അംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്.
പ്രധാനമായും, ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്ന തീർഥാടകരെ ഉടനടി ആശുപത്രിയിലേക്ക് എത്തിക്കുന്ന സേവനത്തിനാണ് ശബരിമലയിൽ ഊന്നൽ നൽകുന്നത്. ഇതുകൂടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ പ്രതികരിക്കുന്നതിനും ടീം പൂർണ സജ്ജമാണ്. എല്ലാ ടീം അംഗങ്ങൾക്കും ഇത്തരം സേവനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.
കൂടുതൽ നേരം നിൽക്കുന്നതിലൂടെയുണ്ടാകുന്ന നിർജലീകരണം, കൂടാതെ പ്രമേഹം, അമിത രക്തസമ്മർദ്ദം പോലെയുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ് സഹായം തേടുന്നവരിൽ കൂടുതലെന്നും. ഇവരെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയാണ് പ്രധാന ദൗത്യമെന്നും ഡെപ്യൂട്ടി കമാൻഡന്റ്
ഡോ. അർജുൻ പറഞ്ഞു.
കേരള പോലീസ്, ഫയർ ഫോഴ്സ്, സിആർപിഎഫിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) തുടങ്ങിയ മറ്റ് സേനകളുമായി ചേർന്നുള്ള പ്രവർത്തനമാണ് ശബരിമലയിൽ നടത്തിവരുന്നതെന്നും ഡോ. അർജുൻ കൂട്ടിച്ചേർത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.