ബി.എസ്സി നഴ്സിങ് പ്രവേശനത്തിൽ തിരക്കിട്ട് എൻട്രൻസ് പരീക്ഷയിലേക്ക് പോകേണ്ടെന്ന് സർക്കാർ തീരുമാനം
ഈ വർഷവും പഴയ രീതിയിൽ ഹയർ സെക്കൻഡറി മാർക്ക് അടിസ്ഥാനപ്പെടുത്തി പ്രവേശനം നടത്താനുള്ള ധാരണയിലെത്തി
തിരുവനന്തപുരം: ബി.എസ്സി നഴ്സിങ് പ്രവേശനത്തിൽ തിരക്കിട്ട് എൻട്രൻസ് പരീക്ഷയിലേക്ക് പോകേണ്ടെന്ന് സർക്കാർ തീരുമാനം. പ്രവേശന പരീക്ഷ ഏർപ്പെടുത്തുന്നത് നിർധന വിദ്യാർഥികളുടെ സാധ്യതകൾ ഇല്ലാതാക്കുമെന്ന വിലയിരുത്തലിന്റ അടിസ്ഥാനത്തിലാണ് ഈ വർഷവും പഴയ രീതിയിൽ ഹയർ സെക്കൻഡറി മാർക്ക് അടിസ്ഥാനപ്പെടുത്തി പ്രവേശനം നടത്താനുള്ള ധാരണയിലെത്തിയത്.നഴ്സിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷ വേണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളവും ആ വഴിക്ക് ആലോചന തുടങ്ങിയത്. എന്നാൽ ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമേ പ്രവേശന പരീക്ഷ നടത്തുന്നുള്ളൂവെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയതോടെയാണ് ചുവടുമാറ്റം.പ്രവേശന പരീക്ഷ എൻട്രൻസ് പരിശീലന സ്ഥാപനങ്ങൾക്ക് പുതിയ അവസരം തുറക്കുമെന്നും ഇത് നിർധന വിദ്യാർഥികളുടെ പ്രവേശന സാധ്യതകൾ ഇല്ലാതാക്കുമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. ഇതുപ്രകാരം പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിന്റെ കരട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയാറാക്കിവരികയാണ്.ഈമാസം അവസാനത്തോടെ പ്രോസ്പെക്ടസിന്റെ കരട് ആരോഗ്യവകുപ്പിലേക്കയച്ച് ഉത്തരവിറക്കിയശേഷം വിജ്ഞാപനം ഇറക്കാനാണ് ധാരണ. ഇതിന്റെ മുന്നോടിയായ പ്രോസ്പെക്ടസ് കമ്മിറ്റി യോഗവും പൂർത്തിയാക്കി. പ്രവേശന നടപടികൾ മുൻവർഷത്തെപോലെ എൽ.ബി.എസിനെ തന്നെ ഏൽപിക്കാനാണ് ധാരണ.