വിദ്യാര്‍ഥികളുടെ പഠനനിലവാരം വിലയിരുത്താൻ അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്കൂളുകളില്‍ സ്റ്റേറ്റ് അച്ചീവ്മെന്‍റ് സര്‍വേ

നാഷനല്‍ അച്ചീവ്മെന്‍റ് സർവേ (എൻ.എ.എസ്) മാതൃകയിലാണ് അടുത്ത അധ്യയനവർഷം മുതല്‍ സർവേ നടത്തുന്നത്. മൂന്നുമുതല്‍ ഒമ്ബത് വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കാണ് സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ നടത്തുന്നത്.

Feb 19, 2025
വിദ്യാര്‍ഥികളുടെ പഠനനിലവാരം വിലയിരുത്താൻ അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്കൂളുകളില്‍ സ്റ്റേറ്റ് അച്ചീവ്മെന്‍റ് സര്‍വേ
education

തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ (എസ്.എ.എസ്).സംസ്ഥാനത്തെ സ്കൂള്‍ വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താനാണ് സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ നടത്തുന്നത്. നാഷനല്‍ അച്ചീവ്മെന്‍റ് സർവേ (എൻ.എ.എസ്) മാതൃകയിലാണ് അടുത്ത അധ്യയനവർഷം മുതല്‍ സർവേ നടത്തുന്നത്. മൂന്നുമുതല്‍ ഒമ്ബത് വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കാണ് സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ നടത്തുന്നത്.

ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം വിഷയങ്ങളില്‍ കുട്ടികളുടെ നിലവാരം പരിശോധിക്കുന്നതിനുള്ള പരീക്ഷ രീതിയിലായിരിക്കും സർവേ. ജൂണ്‍ മുതല്‍ ഡിസംബർ വരെയുള്ള സമയത്ത് ഇതിനായുള്ള പ്രവർത്തനങ്ങള്‍ പൂർത്തിയാക്കും. സർവേ ഫലത്തെ അടിസ്ഥാനപ്പെടുത്തി ആവശ്യമായ വിദ്യാർഥികള്‍ക്ക് പഠനപിന്തുണ പ്രവർത്തനങ്ങള്‍ നടത്തും.

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സർവേ നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് അവതരിപ്പിച്ച കർമപദ്ധതിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന എൻ.എ.എസ് പരീക്ഷയില്‍, വർഷങ്ങളായി കേരളത്തില്‍ നിന്നുള്ള വിദ്യാർഥികള്‍ ഗണിതത്തില്‍ പിറകിലാകുന്ന സ്ഥിതിയുണ്ട്.

ഐ.ടി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിച്ചിട്ടും സ്കൂളുകളിലെ പഠനനിലവാരം പിറകിലാണെന്ന വിലയിരുത്തലിലാണ് ഒരുവർഷം നീളുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം എട്ടാം ക്ലാസിലും അടുത്ത രണ്ട് വർഷങ്ങളിലായി ഒമ്ബതിലും പത്തിലും പരീക്ഷ പാസാകാൻ വിഷയ മിനിമം വേണമെന്ന നിബന്ധന അടുത്തഘട്ടത്തില്‍ പ്രൈമറി ക്ലാസുകളിലും കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് വ്യക്തമാക്കി. ഏഴാം ക്ലാസിലായിരിക്കും രണ്ടാം ഘട്ടത്തില്‍ ആദ്യം നടപ്പാക്കുക.

ഓരോ വിഷയത്തിനും എഴുത്തുപരീക്ഷയില്‍ മാത്രം 30 ശതമാനം മാർക്ക് വേണമെന്നതാണ് നിബന്ധന. ഈ വർഷത്തെ എട്ടാം ക്ലാസ് വാർഷിക പരീക്ഷയില്‍ ഇത് നടപ്പാക്കും. മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികള്‍ക്കായി അവധിക്കാലത്ത് രണ്ടാഴ്ച നീളുന്ന പഠനപിന്തുണ പരിപാടി നടത്തുകയും വീണ്ടും പരീക്ഷ നടത്തി ക്ലാസ് കയറ്റത്തിന് വഴിയൊരുക്കുകയും ചെയ്യും. സ്കൂളുകള്‍ക്ക് ഗ്രേഡിങ് നടപ്പാക്കാനുള്ള നിർദേശം നടപ്പാക്കാനും സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി കോളജ്, സർവകലാശാലകളുടെ റാങ്കിങ് നിശ്ചയിക്കുന്ന എൻ.ഐ.ആർ.എഫ് റാങ്കിങ് രീതിയിലുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവരാനും പദ്ധതി നിർദേശിക്കുന്നു. ആദ്യം സ്കൂളുകള്‍ക്ക് സ്വയം വിലയിരുത്താനും പിന്നീട് ബാഹ്യവിലയിരുത്തലിനുമുള്ള രീതിയായിരിക്കും കൊണ്ടുവരുന്നത്.ഹയർ സെക്കൻഡറി പഠനം എൻട്രൻസ് ബന്ധിതമാക്കും
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനം മത്സരപരീക്ഷ ബന്ധിതമാക്കാൻ പദ്ധതി. മെഡിക്കല്‍, എൻജിനീയറിങ് കോഴ്സുകളിലേതിന് പുറമെ വിവിധ ബിരുദ കോഴ്സുകളിലെല്ലാം പ്രവേശനത്തിന് മത്സര പരീക്ഷകള്‍ നിർബന്ധമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്‍റെ സഹായത്തോടെ പദ്ധതി തയാറാക്കിയത്. ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്‍റ് കൗണ്‍സലിങ് സെല്ലിന്‍റെ പങ്കാളിത്തത്തോടെയായിരിക്കും ഇത് നടപ്പാക്കുക.

ബിരുദ പ്രവേശനം ഏറെക്കുറെ മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലേക്ക് മാറുന്ന സാഹചര്യത്തില്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാർഥികളെ അതിന് പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇതിന് മോണിറ്ററിങ് സംവിധാനം ഉള്‍പ്പെടെ കൊണ്ടുവരും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.