ജൂണ്‍ മൂന്നിന് വിദ്യാലയങ്ങള്‍ തുറക്കും, ജില്ലാതല സ്‌ക്കൂള്‍ പ്രവേശനോത്സവം കല്ലിങ്കല്‍പാടം ഗവ.സ്‌ക്കൂളില്‍.. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാര്‍ത്ഥി സൗഹൃദവിദ്യാലയ അന്തരിക്ഷം രൂപപ്പെടുത്താനും ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാനാണ് നിര്‍ദ്ദേശം
തിരുവനന്തപുരം : മധ്യവേനലവധിക്ക് ശേഷം ജൂണ്‍ മൂന്നിന് വിദ്യാലയങ്ങള്‍ തുറക്കും.മുന്നോടിയായി ജില്ല-ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍മാരുടെ യോഗം വിളിച്ച ചേര്‍ത്ത് വിദ്യാലയങ്ങളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചോ എന്നതില്‍ പരിശോധന നടത്തി മെയ് 25 ന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി ജില്ല വിദ്യഭ്യാസ ഉപഡയറക്ടര് പി.വി മനോജ് അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാര്‍ത്ഥി സൗഹൃദവിദ്യാലയ അന്തരിക്ഷം രൂപപ്പെടുത്താനും ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാനാണ് നിര്‍ദ്ദേശം. ജില്ലാതലപ്രവേശനോത്സവം ജൂണ്‍ മൂന്നിന് കല്ലിങ്കല്‍പാടം ഗവ.സ്‌ക്കൂളില്‍ നടക്കും.സബ്ജില്ലാതലപ്രവേശനോത്്സവവും സ്‌ക്കൂള്‍തലപ്രവേശനോത്സവവും പ്രത്യേകമായി നടക്കും. സ്‌ക്കൂള്‍ തുറപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അറിയിപ്പ് ഇപ്രകാരം.സ്‌ക്കൂള്‍ തുറപ്പിന് മുന്‍പ് ജില്ലയിലെ സ്‌ക്കൂള്‍കെട്ടിടങ്ങളുടെ ഫിറ്റ്നസ് സമയബന്ധിതമായി പരിശോധിച്ച് ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് ജില്ല കലക്ടറുടെ നിര്‍ദ്ദേശമുണ്ട്.പ്രീപ്രൈമറി തൊട്ട് ഹയര്‍സെക്കന്‍ഡറിവരെയുളള കെട്ടിടങ്ങള്‍ പ്രത്യേകമായി വേര്‍തിരിച്ച് ഫിറ്റ്നസ് ലഭ്യമാക്കാനും സ്‌ക്കൂളില്‍ അറ്റകുറ്റപണികളുണ്ടെങ്കില്‍ സ്‌ക്കൂള്‍ തുറപ്പിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കാനും സ്‌ക്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.സ്‌ക്കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്. പാലക്കാട് റിജിനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴില്‍ വരുന്ന സ്‌ക്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നാളെ(മെയ് 25) ആര്‍.ടി.ഓയുടെ നേതൃത്വത്തില്‍ മലമ്പുഴ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നടക്കും. ഇതു സംബന്ധിച്ചുളള ആര്‍.ടി.ഒയുടെ നിര്‍ദ്ദേശം സ്‌ക്കൂള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ സ്‌ക്കൂളുകളിലേക്ക് കുട്ടികളുമായെത്തുന്ന സ്വകാര്യവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ നമ്പറുകള്‍ സൂക്ഷിക്കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക്് നിര്‍ദ്ദേശമുണ്ട്. സ്‌ക്കൂള്‍ പരിസരത്ത് ലഹരി ഉത്പന്നങ്ങളുടെ വില്‍പന കര്‍ശനമായി പരിശോധിക്കാന്‍ എക്സൈസ് വകുപ്പിനുളള ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തിനു പുറമെ സ്‌ക്കൂള്‍തല ലഹരിവിരുദ്ധ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം സജീവമാക്കാനും നിരിക്ഷണം തുടരാനും അടിയന്തിര യോഗം ചേരാനും വിദ്യാഭ്യാസ ഉപഡയറക്ടറും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.റോഡരികുകള്‍,ബസ് സ്റ്റോപ്പുകള്‍, സ്‌ക്കൂള്‍ പരിസരങ്ങളിലുളള അപകടകരമായ മരച്ചില്ലകള്‍ മുറിച്ച് മാറ്റാനുളള നടപടി സ്വീകരിച്ചിട്ടുണ്ട്.സ്‌കൂള്‍ പരിസരം, ക്ലാസ് റൂമുകള്‍, അടുക്കള, സ്റ്റോര്‍ റും എന്നിവിടങ്ങളില്‍ ഇഴ ജന്തുക്കള്‍ക്ക് അനുകുലമായ അവസ്ഥ, ദ്വാരങ്ങള്‍ ഉള്‍പ്പെടെ നീക്കും.കൂടാതെ സ്‌ക്കൂള്‍ മതിലുകള്‍ പെയ്ന്റടിച്ച് മനോഹരമാക്കും.ഉച്ചഭക്ഷണം സ്‌ക്കൂള്‍ തുറപ്പ് ദിവസം മുതല്‍ തന്നെ ലഭ്യമാക്കും. അടുക്കള, സ്റ്റോര്‍ റൂമുകള്‍ പാത്രങ്ങള്‍ വൃത്തിയാക്കാനും പഴയ സ്റ്റോക്ക് സാധനസാമഗ്രികള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട് . പാചകതൊഴിലാളികള്‍ക്ക് ആരോഗ്യസുരക്ഷകാര്‍ഡ് ലഭ്യമാക്കാനും നിര്‍ദ്ദേശമുണ്ട്.സ്‌ക്കൂളുകളിലെ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കും. കുടിവെളള ടാങ്കുകള്‍ വൃത്തിയാക്കുന്നതിനോടൊപ്പം കുടിവെളള സാമ്പിളില്‍ ജല അതോറിറ്റി പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എസ്.എസ്.കെ , ഡയറ്റ്, കൈറ്റ് എന്നിവ ഉള്‍പ്പെടുത്തി മുന്‍കൂട്ടി യോഗം ചേര്‍ന്നിരുന്നു,പുറമെ സബ്ജക്റ്റ് റിസോഴ്സ് ഗ്രൂപ്പ് യോഗം അടിയന്തിരമായി ചേര്‍ന്ന് സ്‌ക്കൂള്‍ മുന്നോരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എല്ലാ വിഷയങ്ങളിലേയും അധ്യാപകരും സീനിയര്‍ അധ്യാപകരും പ്രധാനാധ്യാപകനും ചേര്‍ന്നുളള ഗ്രൂപ്പാണ് എസ്.ആര്‍.ജി ഗ്രൂപ്പ്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മുന്‍സിപ്പാലിറ്റി ചെയര്‍മാന്മാര്‍ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് കൗണ്‍സിലര്‍മാര്‍ മുഖേന അതത് വാര്‍ഡിലുളള വിദ്യഭ്യാസസ്ഥാപനങ്ങളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണം പരിശോധിച്ചുറപ്പാക്കും.മാറ്റമില്ലാത്ത പാഠപുസ്തക വിതരണം പൂര്‍ത്തിയായി കഴിഞ്ഞു.മാറ്റമുളളവയുടെ വിതരണം ഉടന്‍ പൂര്‍ത്തിയാവും. യൂനിഫോം വിതരണം വിതരണകേന്ദ്രങ്ങളില്‍ നിന്നായി മെയ് 27നകം പൂര്‍ത്തിയാക്കും