*ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

Nov 15, 2025
*സ്ഥിരമായി കഴിക്കുന്ന മരുന്നുകള് വ്രതകാലത്ത് നിര്ത്തരുത്*
*മുങ്ങിക്കുളിക്കുന്നവര് മൂക്കില് വെള്ളം കയറാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം*
തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല് കോളേജുകളിലേയും ഡോക്ടര്മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കണ്ട്രോള് സെന്റര് 24 മണിക്കൂറും പ്രവര്ത്തിക്കും. മലകയറുമ്പോള് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില് ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില് അവബോധം ശക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര് ചികിത്സ തേടേണ്ടതാണ്.
ശബരിമല തീര്ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള് ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോര്ഡിന്റെ സഹകരണത്തോടെ പമ്പ മുതല് സന്നിധാനം വരെയുള്ള പാതയില് എമര്ജന്സി മെഡിക്കല് സെന്ററുകള് സജ്ജമാക്കി. കോന്നി മെഡിക്കല് കോളേജ് ബേസ് ആശുപത്രിയായി പ്രവര്ത്തിക്കും. പത്തനംതിട്ട ജനറല് ആശുപത്രിയില് അടിയന്തര കാര്ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്ക്ക് ഉടനടി ചികിത്സ ലഭ്യമാക്കാനായുള്ള സംവിധാനമുള്പ്പെടെയുള്ള കനിവ് 108 ആംബുലന്സ് സേവനങ്ങള് ലഭ്യമാക്കി. സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലന്സ് സേവനവും ലഭ്യമാക്കി.
എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്, വെന്റിലേറ്റര്, കാര്ഡിയാക് മോണിറ്റര് എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂര്ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന് തീയറ്ററുകള് പ്രവര്ത്തിക്കും. പന്തളം വലിയ കോയിക്കല് ക്ഷേത്രത്തില് താത്ക്കാലിക ഡിസ്പെന്സറിയും പ്രവര്ത്തിക്കും.
അടൂര്, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളില് ഒരു മെഡിക്കല് സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവര്ത്തിക്കും.
ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള് രൂപീകരിച്ച് പരിശോധനകള് നടത്തിവരുന്നു. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് ഹെല്ത്ത് കാര്ഡ് നിര്ബന്ധമാണ്.
ശബരിമല തീര്ത്ഥാടന വേളയില് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
· നിലവില് വിവിധ രോഗങ്ങള്ക്കായി ചികിത്സയിലിരിക്കുന്നവര് ദര്ശനത്തിനായി എത്തുമ്പോള് ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്
· സ്ഥിരമായി കഴിക്കുന്ന മരുന്നുകള് വ്രതകാലത്ത് നിര്ത്തരുത്
· മുങ്ങിക്കുളിക്കുന്നവര് മൂക്കില് വെള്ളം കയറാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം
· മല കയറുമ്പോള് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള് ഒഴിവാക്കുന്നതിനായി ദര്ശനത്തിന് എത്തുന്നതിന് ദിവസങ്ങള്ക്ക് മുന്പേ നടത്തം ഉള്പ്പെടെയുള്ള ലഘു വ്യായാമങ്ങള് ചെയ്ത് തുടങ്ങേണ്ടതാണ്
· സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക
· മല കയറുന്നതിനിടയില് ക്ഷീണം, തളര്ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല് മല കയറുന്നത് നിര്ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക
· 04735 203232 എന്ന നമ്പറില് അടിയന്തിര സഹായത്തിനായി വിളിക്കാവുന്നതാണ്
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
· ഭക്ഷണം കഴിക്കുന്നതിന് മുന്പ് കൈകള് സോപ്പുപയോഗിച്ച് കഴുകുക
· പഴങ്ങള് നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക
· പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്
· മലമൂത്രവിസര്ജ്ജനം തുറസായ സ്ഥലങ്ങളില് നടത്തരുത്. ശൗചാലയങ്ങള് ഉപയോഗിക്കുക. ശേഷം കൈകള് സോപ്പുപയോഗിച്ച് കഴുകുക
· മാലിന്യങ്ങള് വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നില് മാത്രം നിക്ഷേപിക്കുക
· പാമ്പുകടിയേറ്റാല് എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ആശുപത്രികളില് ലഭ്യമാണ്
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.