സാർവത്രിക സാമ്പത്തിക ഉൾപ്പെടുത്തൽ : പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് തുടക്കം

Jul 2, 2025
സാർവത്രിക സാമ്പത്തിക ഉൾപ്പെടുത്തൽ : പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് തുടക്കം
state level bankers committee

തിരുവനന്തപുരം: 01 ജൂലൈ 2025

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൂർണ്ണമായ സാമ്പത്തിക ഉൾപ്പെടുത്തൽ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച രാജ്യവ്യാപക പ്രചാരണ പരിപാടിയിൽ പങ്ക് ചേരുന്നതായി സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി (SLBC) കേരള അറിയിച്ചു. 2025 ജൂലൈ 1 ന് ആരംഭിച്ച ഈ ക്യാംപയ്ൻ 2025 സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കും. നിഷ്‌ക്രിയമായ പിഎം 
ജൻ ധൻ യോജന (PMJDY) അക്കൗണ്ടുകൾക്കുള്ള KYC പുനഃപരിശോധന, ബാങ്ക് അക്കൗണ്ടില്ലാത്ത മുതിർന്നവർക്ക് PMJDY പ്രകാരം പുതിയ അക്കൗണ്ടുകൾ ആരംഭിക്കൽ, പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY), പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന (PMSBY), അടൽ പെൻഷൻ യോജന (APY) എന്നിവയിൽ ഗുണഭോക്താക്കളെ ചേർക്കൽ എന്നിവയാണ് പ്രചാരണത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

ഈ സംരംഭത്തിന്റെ കീഴിൽ, കേരളത്തിലെ 14 ജില്ലകളിലുടനീളമുള്ള ഓരോ ഗ്രാമപഞ്ചായത്തിലും പ്രത്യേക ക്യാമ്പുകൾ നടത്തും. ഈ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും പരമാവധി പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഓരോ പഞ്ചായത്തിലെയും മുൻനിര ബാങ്കുകൾക്കാണ്. താങ്ങാനാവുന്ന ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം യോഗ്യരായ എല്ലാ വ്യക്തികളെയും ഔപചാരിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനും ക്യാംപയ്ൻ ലക്ഷ്യമിടുന്നു. 

PMJJBY വെറും 436 രൂപ വാർഷിക പ്രീമിയത്തിൽ 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു, അതേസമയം PMSBY പ്രതിവർഷം 20 രൂപ എന്ന നാമമാത്രമായ പ്രീമിയത്തിൽ 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. കൂടാതെ, അടൽ പെൻഷൻ യോജന (APY)  വരിക്കാർക്ക് 60 വയസ്സിനു ശേഷം ഒരു നിശ്ചിത പെൻഷൻ ഉറപ്പാക്കുന്നു.

ക്യാമ്പ് തീയതികളെയും സ്ഥലങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ബാങ്ക് ശാഖകൾ പ്രാദേശിക തലത്തിൽ അറിയിക്കും. എല്ലാ പൗരന്മാരും , പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലും, ബാങ്ക് സൗകര്യമില്ലാത്ത പ്രദേശങ്ങളിലുമുള്ളവർ, അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ ഈ ക്യാമ്പുകളിൽ സജീവമായി പങ്കെടുക്കണമെന്ന് SLBC അഭ്യർത്ഥിച്ചു. അവസാന മൈൽ സാമ്പത്തിക ഉൾപ്പെടുത്തൽ ഉറപ്പാക്കുന്നതിനും, ബാങ്കിംഗ് എല്ലാവർക്കും പ്രാപ്യമാക്കുന്നതിനും, സാമൂഹിക സുരക്ഷാ പദ്ധതികൾ വഴി പൗരന്മാരെ ശാക്തീകരിക്കുന്നതിനുമുള്ള ​ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത ഈ ക്യാംപയ്ൻ അടിവരയിടുന്നു. കൂടുതൽ വിവരങ്ങൾക്ക്, അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെടാം അല്ലെങ്കിൽ ഔദ്യോഗിക ബാങ്കിംഗ് പോർട്ടലുകൾ സന്ദർശിക്കാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.