റവ. ഡോ. കെ.പി. യോഹന്നാന് അന്ത്യാഞ്ജലി; സംസ്ഥാന ബഹുമതികളോടെ സംസ്കാരം
മദ്ബഹായ്ക്കു സമീപം തയാറാക്കിയ പ്രത്യേക കല്ലറയില്‍ റവ.കെ.പി. യോഹന്നാന് അന്തിമവിശ്രമവുമായി.
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാധ്യക്ഷന് അന്തരിച്ച റവ. ഡോ. കെ.പി. യോഹന്നാന്റെ (മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍) ഭൗതികശരീരം സഭാആസ്ഥാനമായ കുറപ്പുഴ സെന്റ് തോമസ് കത്തീഡ്രലിലെ മണ്ണ് ഏറ്റുവാങ്ങി. ഇന്ന് ഉച്ചയോടെയാണ് സംസ്കാര ശുശ്രൂഷ പൂര്‍ത്തിയായത്.സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. ബിലീവേഴ്സ് കണ്വന്ഷന് സെന്ററിലെ പൊതുദര്‍ശനം പൂര്‍ത്തിയായ ഉടന്‍ പോലീസ് സേന അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വിലാപയാത്രയായി അന്തിമഘട്ട ശുശ്രൂഷകള്‍ക്കായി ഭൗതികശരീരം സെന്റ് തോമസ് കത്തീഡ്രലിലേക്ക് കൊണ്ടുപോയി. കത്തീഡ്രലലില്‍ അവസാനഘട്ട ശുശ്രൂഷകള്‍ നടന്നു. 12.30ഓടെ സംസ്കാരത്തിനായി ഭൗതികശരീരം ദേവാലയത്തിനു പുറത്തേക്കെടുത്തു. മദ്ബഹായ്ക്കു സമീപം തയാറാക്കിയ പ്രത്യേക കല്ലറയില്‍ റവ.കെ.പി. യോഹന്നാന് അന്തിമവിശ്രമവുമായി.ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അഡ്മിനിസ്ട്രേറ്റര്‍ സാമുവേല്‍ മാര്‍ തിയോഫിലോസ് കാര്‍മികത്വം വഹിച്ചു. ഇന്നലെ രാവിലെ മുതല്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതിക ശരീരത്തില്‍ ആയിരകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാത്രിയിലും ഇന്നു രാവിലെയും നിലയ്ക്കാത്ത ജനപ്രവാഹമുണ്ടായി.മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, യാക്കോബായ സഭ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ്, ക്നാനായ യാക്കോബായ സഭ കല്ലിശേരി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, റാന്നി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ്, ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ക്നാനായ കത്തോലിക്ക സഭ സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം, മാര്‍ത്തോമ്മ സഭയിലെ യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്കോപ്പ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ച് പ്രാര്‍ഥന നടത്തി.കേരള ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാന്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, മന്ത്രിമാരായ വി.എന്‍. വാസവന്, സജി ചെറിയാന്, പി. പ്രസാദ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, എം.പിമാരായ കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി, എ.എം. ആരിഫ്, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.