എം.ജി സർവകലാശാല ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം 2024 ജൂൺ 7 വൈകുന്നേരം 4 മണി വരെ ലഭ്യമായിരിക്കുന്നതാണ്.
കോട്ടയം : എം ജി സർവ്വകലാശാലാ പഠന വകുപ്പുകളിലെ 4 + 1 ഓണേഴ്‌സ് പ്രോഗ്രാമുകളിലേക്കും സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കുമുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം 2024 ജൂൺ 7 വൈകുന്നേരം 4 മണി വരെ ലഭ്യമായിരിക്കുന്നതാണ്.
അപേക്ഷകരുടെ ശ്രദ്ധക്ക്: എൻ സി സി /എൻ എസ് എസ് / സ്കൗട്സ് ആൻഡ് ഗൈഡ്‌സ്/സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗങ്ങൾക്ക് അർഹമായ ബോണസ് മാർക്കിനായി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷയിൽ നൽകുമ്പോൾ എൻ സി സി /എൻ എസ് എസ് / സ്കൗട്സ് ആൻഡ് ഗൈഡ്‌സ്/സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയിലെ പ്രാതിനിധ്യം /നേട്ടങ്ങൾ പ്ലസ് വൺ/ പ്ലസ് ടു തലത്തിലുള്ളതായിരിക്കണം എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
പ്ലസ് വൺ/ പ്ലസ് ടു തലങ്ങൾക്കു മുന്പുള്ള പ്രസ്തുത വിഭാഗങ്ങളിലെ പ്രാതിനിധ്യം സ്വീകരിക്കുന്നതല്ല. കൂടാതെ സ്കൗട്സ് ആൻഡ് ഗൈഡ്‌സ് - രാജ്യപുരസ്കാർ /നന്മ മുദ്ര സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ പ്രസ്തുത വിഭാഗത്തിൽ ബോണസ് മാർക്കിനർഹതയുണ്ടാവുകയുള്ളൂ. ഇത് സംബന്ധിച്ചുള്ള സർവ്വകലാശാല നിർദ്ദേശങ്ങൾ പാലിക്കാതെ ബോണസ് മാർക്കിന് ക്ലെയിം ചെയ്യുന്നവരുടെ അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്.വിമുക്ത ഭടൻ /ജവാൻ എന്ന വിഭാഗത്തിലുള്ള ബോണസ് മാർക്കിന് ആർമി/നേവി/എയർഫോഴ്സ് വിഭാഗങ്ങൾക്ക് മാത്രമേ അർഹത ഉണ്ടായിരിക്കുകയുള്ളൂ. ഇതിനായി വിമുക്ത ഭടൻ ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രവും ജവാൻ കമാണ്ടിംഗ് ഓഫീസറുടെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്.
സ്പോർട്സ്/കൾച്ചറൽ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരും പ്രസ്തുത വിഭാഗങ്ങളിലെ പ്രാതിനിധ്യം /നേട്ടങ്ങൾ പ്ലസ് വൺ/ പ്ലസ് ടു തലത്തിലുള്ളതായിരിക്കണമെന്നുറപ്പ് വരുത്തേണ്ടതാണ്. പ്ലസ് വൺ/ പ്ലസ് ടു തലങ്ങൾക്കു മുന്പുള്ള പ്രസ്തുത വിഭാഗങ്ങളിലെ പ്രാതിനിധ്യം സ്വീകരിക്കുന്നതല്ല.ഭിന്നശേഷിക്കാർക്കായി /ദിവ്യാങ്കൺ വിഭാഗത്തിലെ സംവരണത്തിനു അപേക്ഷിക്കുന്നവർ 40 % ത്തിൽ കുറയാത്ത അംഗപരിമിതി ഉണ്ടെന്നുള്ള ജില്ലാ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രമോ സാമൂഹ്യ നീതി വകുപ്പിൽ നിന്നുമുള്ള തിരിച്ചറിയൽ കാർഡോ ഹാജരാക്കേണ്ടതാണ്. താത്കാലിക ഡിസെബിലിറ്റി (Temporary Disability ) ഉള്ളവരുടെ സാക്ഷ്യപത്രം കാലാവധിക്കുള്ളിലുള്ളതാണെന്നുറപ്പ് വരുത്തേണ്ടതാണ്.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിക്കുക .