ട്വന്റി-20 ലോകകപ്പിനുള്ള അന്തിമ 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
പ്രാഥമികമായി പ്രഖ്യാപിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് 15 അംഗ സംഘത്തെ ഉറപ്പിച്ചത്.
സിഡ്നി: ട്വന്റി-20 ലോകകപ്പിനുള്ള അന്തിമ 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ട്രാവലിംഗ് റിസര്‍വ് താരങ്ങളെയടക്കമാണ് പ്രഖ്യാപിച്ചത്.പ്രാഥമികമായി പ്രഖ്യാപിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് 15 അംഗ സംഘത്തെ ഉറപ്പിച്ചത്. മിച്ചല്‍ മാര്‍ഷാണ് ടീമിന്റെ നായകന്. അതേസമയം, മുന്‍ നായകൻ സ്റ്റീവ് സ്മിത്ത്, ജാസന്‍ ബെഹറന്‍ഡോഫ്, തന്‍വീര്‍ സംഗ എന്നിവര്‍ക്കൊന്നും ടീമില്‍ സ്ഥാനമില്ല.2022ൽ ഓസ്ട്രേലിയൻ മണ്ണിൽ നടന്ന അവസാന ട്വന്റി-20 ലോകകപ്പിന് ശേഷം ഓസ്ട്രേലിയക്കായി ട്വന്റി-20 കളിച്ചിട്ടില്ലാത്ത ഇടംകൈയന്‍ സ്പിന്നര്‍ ആഷ്ടന്‍ ആഗറെ തിരികെ വിളിച്ചതാണ് ശ്രദ്ധേയ നീക്കം. മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ എന്നിവർക്കൊപ്പം ഗ്ലെൻ മാക്സ്വെല്ലും ഓൾറൗണ്ടറായി അന്തിമ ടീമിൽ ഇടം നേടി.
ജാക്ക് ഫ്രേസര്‍ മക്ഗുര്‍കിനൊപ്പം മാറ്റ് ഷോര്‍ട്ടും റിസര്‍വ് താരമായി ഇടംപിടിച്ചു. ലോകകപ്പ് ടൂര്‍ണമെന്റിനിടെ ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ പറ്റിയ പകരക്കാരെ ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇരുവരെയും ടീമിലെടുത്തതെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റി അധ്യക്ഷൻ ജോര്‍ജ് ബെയ്ലി പറഞ്ഞു.ഓസ്ട്രേലിയൻ താരങ്ങളും സ്റ്റാഫും ഘട്ടംഘട്ടമായി വെസ്റ്റ് ഇൻഡീസിൽ എത്തും. അതേസമയം, ഐപിഎലിൽ മത്സരിക്കുന്നവർ വീടുകളിൽ എത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച ശേഷം പിന്നീട് ടീമിനൊപ്പം ചേർന്നാൽ മതിയെന്നാണ് നിർദേശം.ജൂൺ ആറിന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ഒമാനെതിരേയാണ് ഓസ്ട്രേലിയയുടെ ആദ്യമത്സരം. തുടർന്ന് ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, നമീബിയ, സ്കോട്ട്ലൻഡ് എന്നിവരെയും നേരിടും.ഓസ്ട്രേലിയ ടീം: മിച്ചല്‍ മാര്‍ഷ് (നായകൻ), ആഷ്ടൺ ആഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.