ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും രാമായണ പാരായണത്തിന് ഇന്ന് തുടക്കമായി
പകൽ കുറവും രാത്രി കൂടുതലുമുള്ള ദക്ഷിണായന കാലത്തിന്റെ തുടക്കം കൂടിയാണ് കർക്കടകം.
തിരുവനന്തപുരം : കർക്കടകം വന്നെത്തി. ഇനിയുള്ള 31 ദിവസങ്ങൾ ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും സായംസന്ധ്യയിൽ രാമായണശീലുകൾ മുഴങ്ങും. പകൽ കുറവും രാത്രി കൂടുതലുമുള്ള ദക്ഷിണായന കാലത്തിന്റെ തുടക്കം കൂടിയാണ് കർക്കടകം. പ്രതികൂല കാലാവസ്ഥയും വറുതിയും കഷ്ടപ്പാടും ഈശ്വരഭക്തികൊണ്ട് മറികടക്കാനുള്ള മാർഗമെന്നനിലയിലാണ് പണ്ടുകാലം മുതൽ കർക്കടക മാസത്തിൽ രാമായണപാരായണം നടത്തിയിരുന്നത്.
കർക്കടമാസത്തെ മറ്റൊരു പ്രധാന ചടങ്ങാണ് നാലമ്പലദർശനം. എറണാകുളം ജില്ലയിൽ മാമ്മലശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മാമ്മലശേരി നെടുങ്ങാട്ട് ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നാലമ്പല ദർശനം പ്രസിദ്ധമാണ്. ക്ഷേത്രങ്ങളിലെ ചടങ്ങുകളോടനുബന്ധിച്ചും ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലും പ്രത്യേകം തയ്യാറാക്കുന്ന ഔഷധകഞ്ഞിയും മരുന്ന് സേവയും കർക്കടകത്തിലെ ദേഹരക്ഷയുടെ ഭാഗമായി നടക്കും. ജില്ലയിലെ പ്രധാനപ്പെട്ട എല്ലാക്ഷേത്രങ്ങളിലും രാമായണ മാസാചരണവും ഔഷധസേവയും ഒരുക്കിയിട്ടുണ്ട്.