റിസർവ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു;റിപ്പോ നിരക്കിൽ മാറ്റമില്ല
റിപ്പോ നിരക്ക് 6.5% ആയി തുടരും
ന്യൂഡൽഹി : റിസർവ് ബാങ്കിന്റെ 2024–25 സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെയാണ് ആർബിഐ പുതിയ പണനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
അടിസ്ഥാന പലിശനിരക്ക് (റിപ്പോ) കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും രാജ്യത്ത് ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറവിലക്കയറ്റത്തോത് ഉയർന്നുനിൽക്കുകയാണ്. അതിനാൽ റിസർവ് ബാങ്ക് ഇത്തവണയും റിപ്പോ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്ന് സാമ്പത്തികവിദഗ്ധർ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ 10 തവണയും നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. 2022 മെയ് മുതൽ 2023 ഫെബ്രുവരിവരെയുള്ള കാലയളവിൽ ആറുതവണയായി റിപ്പോ നിരക്ക് 2.5 ശതമാനമാണ് വർധിപ്പിച്ചത്. ബാങ്കിങ് സംവിധാനത്തിലെ പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് (എസ്ഡിഎഫ്) 6.25 ശതമാനത്തിൽ നിലനിർത്തി. മാർജിൻ സ്റ്റാൻഡിങ് ഫെസിലിറ്റി(എംഎസ്എഫ്) നിരക്കും 6.75 ശതമാനത്തിൽ തുടരും.