ആര്‍.ബി.ഐയുടെ ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടില്‍ നിക്ഷേപിച്ച് ഉയര്‍ന്ന പലിശ നേടാന്‍ അവസരം
പുതുക്കിയ നിരക്ക് പ്രകാരം 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ബോണ്ടില്‍നിന്ന് 8.05 ശതമാനം പലിശ ലഭിക്കും.
ആര്‍.ബി.ഐയുടെ ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടില്‍ നിക്ഷേപിച്ച് ഉയര്‍ന്ന പലിശ നേടാന്‍ അവസരം. പുതുക്കിയ നിരക്ക് പ്രകാരം 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ബോണ്ടില്‍നിന്ന് 8.05 ശതമാനം പലിശ ലഭിക്കും.പിപിഎഫ്, എന്‍എസ്‌സി തുടങ്ങിയ ലഘുസമ്പാദ്യ പദ്ധതികള്‍, ബാങ്ക് എഫ്ഡി എന്നിവയേക്കാള്‍ ആദായം സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്ന ഈ പദ്ധതിയില്‍നിന്ന് ലഭിക്കും. സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ആണ് ബോണ്ട് പുറത്തിറക്കുന്നത്. ആറുമാസത്തിലൊരിക്കലാണ് പലിശ നിരക്ക് പരിഷ്‌കരിക്കുക. അതുപ്രകാരം നേരത്തെ നടത്തിയ നിക്ഷേപമാണെങ്കിലും പലിശ നിരക്കില്‍ മാറ്റമുണ്ടാകും.
പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകള്‍ വഴി ബോണ്ടില്‍ നിക്ഷേപം നടത്താം. ആര്‍ബിഐയുടെ റീട്ടെയില്‍ ഡയറക്ട് വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴിയും നിക്ഷേപിക്കാന്‍ അവസരമുണ്ട്.
- ആറ് മാസത്തിലൊരിക്കലാണ് പലിശ നിരക്ക് പരിഷ്‌കരിക്കുക. എല്ലാ വര്‍ഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും ബോണ്ടില്‍നിന്നുള്ള പലിശ ലഭിക്കും.
- 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 1000 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.
- ലഘുസമ്പാദ്യ പദ്ധതികളിലൊന്നായ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിനേക്കാളും 0.35 ശതമാനം അധിക പലിശ ആര്‍ബിഐയുടെ ബോണ്ടിന് ലഭിക്കും.
- ഏഴ് വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. ഉപാധികള്‍ക്ക് വിധേയമായി കാലാവധിക്കു മുമ്പ് നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും. ഇതിനായി നിക്ഷേപകന്റെ പ്രായമാണ് കണക്കിലെടുക്കുക.
- 60നും 70നും ഇടയിലാണ് പ്രായമെങ്കില്‍ ആറു വര്‍ഷം പൂര്‍ത്തിയായാല്‍ പണം പിന്‍വലിക്കാം. 70നും 80നും ഇടയിലാണെങ്കില്‍ അഞ്ചു വര്‍ഷവും അതിന് മുകളില്‍ നാല് വര്‍ഷവും പൂര്‍ത്തിയായാല്‍ നിക്ഷേപം പിന്‍വലിക്കാന്‍ അനവദിക്കും.
- നിക്ഷേപിക്കുമ്പോഴോ നിക്ഷേപത്തില്‍ നിന്ന് വരുമാനം ലഭിക്കുമ്പോഴോ ആദായ നികുതി ഇളവുകളില്ല. പലിശ വരുമാനത്തിന് ഓരോരുത്തരുടെയും സ്ലാബ് അനുസരിച്ച് നികുതി നല്‍കണം.
-
ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോള്‍ ഉയര്‍ന്ന പലിശനിരക്കാണ് ബോണ്ടിനുള്ളത്. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന് നിലവില്‍ ലഭിക്കുന്ന പലിശ 7.70 ശതമാനമാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപം പിപിഎഫ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോഴും ആദായ നിരക്ക് കൂടുതലാണ്.
വിപണിയുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്നതായതിനാല്‍ പലിശ നിരക്കില്‍ ആറു മാസം കൂടമ്പോള്‍ മാറ്റമുണ്ടാകും. പലിശ ഉയരുന്ന സാഹചര്യം വന്നാല്‍ നിക്ഷേപകന് ഗുണകരമാകും. എന്‍എസ് സിയുടെ പലിശ നിരക്ക് ഉയരുന്നതിന് ആനുപാതികമായിട്ടാകും ബോണ്ടിന്റെ നിരക്കിലും മാറ്റമുണ്ടാകുക.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന കടപ്പത്രമായതിനാല്‍ നഷ്ടസാധ്യത തീരെയില്ല.
നിശ്ചിത ഇടവേളകലില്‍ സ്ഥിരമായി വരുമാനം ബോണ്ടില്‍നിന്ന് ലഭിക്കും. ആറു മാസം കൂടുമ്പോഴാണ് പലിശ ബാങ്കിലെത്തുക.
ബാങ്ക് നിക്ഷേപവും ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബോണ്ടില്‍ നിന്നുള്ള ആദായം കൂടുതലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആദ്യ ഗണത്തില്‍തന്നെ ഈ പദ്ധതി പരിഗണിക്കാം. നിശ്ചിത വരുമാനം ഇടവേളകളില്‍ ആവശ്യമുള്ളവര്‍ക്കും പദ്ധതി ഗുണകരമാണ്.