ന്യൂനമര്‍ദം: അഞ്ച് ദിവസംകൂടി മഴ തുടരും; കണ്ണൂര്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്ന് നാശനഷ്ടം
വെള്ളിയാഴ്ച പുലര്‍ച്ചെ 12.30-നായിരുന്നു സംഭവം
കണ്ണൂർ: വ്യാഴാഴ്ച പെയ്ത കനത്ത മഴയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30-നായിരുന്നു സംഭവം. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നതോടെ വെള്ളം സമീപത്തെ വീടുകളിലേക്ക് കുതിച്ചെത്തി. ഒരു വീടിന്റെ ഇന്റര്‍ലോക്ക് പൂര്‍ണമായും തകര്‍ന്നു. കൂടാതെ, പ്രദേശങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.അതേസമയം, കേരളത്തിൽ അടുത്ത അഞ്ച് ദിവസംകൂടെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു അരികെ ന്യുനമർദ്ദം രൂപപ്പെട്ടു. വെള്ളിയാഴ്ച ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും മെയ് 24 മുതൽ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും അധികൃതർ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ തൃശ്ശൂർ നഗരത്തിൽ വൻ മരം കടപുഴകി വീണു രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റോഡിന് വശത്തായി നിർത്തിയിട്ടിരുന്നു ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരം വീണത്. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാഗികമായി തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.