വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം
റിഹേഴ്‌സൽ ജനുവരി 22, 23, 24 തീയതികളിൽ പൊലീസ് പരേഡ് മൈതാനത്ത് നടക്കും
കോട്ടയം: റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു. ജില്ലാതല ആഘോഷപരിപാടികളുടെ ഒരുക്കം വിലയിരുത്താൻ കളക്‌ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 26ന് രാവിലെ എട്ടു മുതൽ കോട്ടയം പൊലീസ് പരേഡ് മൈതാനത്താണ് ജില്ലാതല ആഘോഷപരിപാടികളും പരേഡും നടക്കുക. പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എൻ.സി.സി., എസ്.പി.സി., സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ് തുടങ്ങിയ പ്ലാറ്റൂണുകളും സ്‌കൂൾ ബാൻഡ് സെറ്റുകളും പരേഡിൽ അണിനിരക്കും. കലാ-സാംസ്‌കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ ചുമതലയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുക. പരേഡിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ റിഹേഴ്‌സൽ ജനുവരി 22, 23, 24 തീയതികളിൽ പൊലീസ് പരേഡ് മൈതാനത്ത് നടക്കും. ജനുവരി 26 ന് രാവിലെ 8.30ന് പരേഡ് ചടങ്ങുകൾ തുടങ്ങും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തും.
അവലോകന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, അഡീഷണൽ എസ്.പി. വിനോദ് പിള്ള, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കോട്ടയം ആർ.ടി.ഒ. കെ. അജിത്കുമാർ, ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്, അസിസ്റ്റന്റ് കമാൻഡന്റ് എം. സി. ചന്ദ്രശേഖരൻ, തഹസീൽദാർ എസ്.എൻ. അനിൽ കുമാർ, നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ, ഹുസൂർ ശിരസ്തദാർ എൻ.എസ്. സുരേഷ് കുമാർ, എൻ.സി.സി. ഓഫീസർ ശ്രീകുമാർ, റോയി പി. ജോർജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഫോട്ടോകാപ്ഷൻ
റിപ്പബ്ലിക് ദിനാഘോഷം ജില്ലാതല പരിപാടികളുടെ ഒരുക്കം വിലയിരുത്താൻ കളക്‌ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സംസാരിക്കുന്നു. അഡീഷണൽ അഡീഷണൽ എസ്.പി. വിനോദ് പിള്ള, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ സമീപം.