കേരളത്തെ ഒന്നാമതാക്കിയത് സാക്ഷരതയും വിദ്യാഭ്യാസവുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
പാലാ: കേരളത്തെ സംസ്ഥാനങ്ങളിൽ ഒന്നാമതാക്കിയത് സാക്ഷരതയും വിദ്യാഭ്യാസവുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പാലാ സെന്റ് തോമസ് കോളജ് സ്ഥാപിച്ചത്. 75 വർഷമായി കോളജ് ഈപ്രശംസനീയമായ ലക്ഷ്യം നിറവേറ്റുന്നുവെന്നും കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനസമ്മേളത്തില്‍ രാഷ്ട്രപതി പറഞ്ഞു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ കോളജ് തുടർന്നും പങ്കുവഹിക്കുമെന്നും അതുവഴി 2047 ആകുമ്പോഴേക്കും കൂടുതൽ നീതിയുക്തമായ ഒരു സമൂഹവും വികസിത ഭാരതവും കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കുമെന്നും തനിക്ക് ഉറപ്പുണ്ട്. വിദ്യാഭ്യാസമില്ലാത്ത ഒരു പ്രദേശം ഇരുണ്ട പ്രദേശമായി തുടരും.
വിദ്യാഭ്യാസത്തിന്റെ വെളിച്ചം വ്യക്തിഗതവും കൂട്ടായതുമായ പുരോഗതിയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വെളിച്ചം പരത്തുന്നതിൽ സെന്റ് തോമസ് കോളജിന്റെ ശ്രമങ്ങളെ താൻ അഭിനന്ദിക്കുന്നു. സമഗ്ര വിദ്യാഭ്യാസം സാർവത്രിക അനുകമ്പയുടെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്നു. ഈ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നതിന് താൻ കോളജിനെ അഭിനന്ദിക്കുന്നു.
ഏഴര പതിറ്റാണ്ടായി നാടിനു വിജ്ഞാനവെളിച്ചവും ധാര്‍മികബോധനവും പകരുന്ന കുലീന കലാലയമാണു പാലാ സെന്റ് തോമസ് കോളജ്. കോളജിന്റെ എംബ്ലത്തില്‍ എഴുതിയിരിക്കുന്ന ജീവിതം, പ്രകാശം, സ്നേഹം എന്നി വാക്കുകള്‍ മാനുഷികമൂല്യങ്ങളെ സ്ഫുരിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസരംഗത്തു മാത്രമല്ല രാജ്യത്തിന്റെ കായിക മുന്നേറ്റത്തിനും മറ്റ് തലങ്ങളിലും സെന്റ് തോമസ് കോളജ് ഈടുറ്റ സംഭാവന നല്‍കിയതായി രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര വോളിബോള്‍ ഇതിഹാസവും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥിയുമായ ജിമ്മി ജോര്‍ജിന്റെ കായികനേട്ടത്തെ പുതിയ തലമുറ മാതൃകയാക്കണം. വേറെയും ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ ഈകോളജിന്റെ പൂര്‍വവിദ്യാര്‍ഥികളായുണ്ട്. സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെപ്പോലുള്ള നിയമജ്ഞരും കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും നയതന്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരും ഉദ്യോഗസ്ഥപ്രമുഖരും ഇവിടെ പഠിച്ചവരില്‍പ്പെടുന്നു. ധാര്‍മികതയും സാഹോദര്യവും ദേശസ്നേഹവും പ്രസരിപ്പിക്കുന്ന അധ്യാപനത്തിലൂടെ നാടിന് വിശിഷ്ടവ്യക്തിത്വങ്ങളെ സമ്മാനിക്കാന്‍ കോളജിനു കഴിഞ്ഞു. കെ.ആർ നാരായണൻ കോട്ടയത്തിന്റെ മകനായിരുന്നു. എളിയ തുടക്കത്തിൽനിന്നാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തെത്തിയത്.
സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവർത്തനങ്ങളുടെ മഹത്തായ അധ്യായങ്ങൾക്ക് കോട്ടയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നൂറ്റാണ്ടു മുന്‍പ് നടന്ന വൈക്കം സത്യഗ്രഹം ഇതിനു പ്രധാന തെളിവാണ്. കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ ആദ്യകാല അച്ചടിശാലകളിൽ ഒന്നുമായ അച്ചടിശാല കോട്ടയത്താണ് സ്ഥാപിതമായത്. വായിച്ചു വളരുകയെന്ന മുദ്രാവാക്യത്തോടെ സാക്ഷരകേരള മുന്നേറ്റത്തിനും ഗ്രന്ഥശാലാപ്രസ്ഥാനത്തിനും നായകത്വം വഹിച്ച പി.എന്‍. പണിക്കരുടെ നാടാണു കോട്ടയമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു.
ബിഷപ് വയലില്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രിയും പൂര്‍വവിദ്യാര്‍ഥിയുമായ ജോര്‍ജ് കുര്യന്, മന്ത്രി വി.എന്‍. വാസവന്, പ്രിന്‍സിപ്പല്‍ ഡോ.സിബി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. പാലാ ബിഷപ്പും കോളജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മന്ത്രിയും പൂര്‍വവിദ്യാര്‍ഥിയുമായ റോഷി അഗസ്റ്റിന്, എംപിമാ രായ കെ.ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, മാണി സി. കാപ്പന് എംഎല്‍എ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. രാഷ്ട്രപതി, ഗവര്‍ണര്‍, ജോര്‍ജ് കുര്യന് എന്നിവര്‍ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആറന്മുള കണ്ണാടി സമ്മാനിച്ചു.


