പുനലൂർ-എറണാകുളം മെമു സർവീസ് : റെയിൽവേ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി
കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് കേരളത്തിലെ റെയിൽവേ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിന് അടിയന്തര ഇടപെടൽ വേണമെന്ന് എംപി ആവശ്യപ്പെട്ടു
കൊല്ലം: പുനലൂർ - എറണാകുളം മെമു സർവീസിന് റെയിൽവേ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് കേരളത്തിലെ റെയിൽവേ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിന് അടിയന്തര ഇടപെടൽ വേണമെന്ന് എംപി ആവശ്യപ്പെട്ടു.കേരളത്തിലെ റെയിൽവേ മേഖലയുടെ വികസനത്തിന്റെ ആവശ്യകതയെ ആധാരമാക്കി, പാസഞ്ചർ അസോസിയേഷനുകൾ മുഖേനയും അല്ലാതെയും, നൂറുകണക്കിന് നിർദ്ദേശങ്ങളും നിവേദനങ്ങളും കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ലഭിച്ചിരുന്നു. അതില്‍ നിന്ന് പ്രധാനപ്പെട്ട വിഷയങ്ങൾ മന്ത്രിയെ ധരിപ്പിച്ചു.വേണാട് എക്സ്പ്രസിൽ തിരക്ക് മൂലം യാത്രക്കാരായ രണ്ട് വനിതകൾ കുഴഞ്ഞുവീണ സംഭവം അതീവ ഗൗരവത്തോടെയാണ് മന്ത്രി ചോദിച്ചറിഞ്ഞത്. ഇത്തരം സംഭവങ്ങൾ തുടർന്ന് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുമെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി.