കാർഗിൽ വിജയ് ദിവസിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
കാർഗിൽ: കാർഗിൽ വിജയ് ദിവസിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താൻ എന്തെങ്കിലും ദുഷ്ശ്രമം നടത്തിയപ്പോഴെല്ലാം പരാജയം നേരിട്ടതാണെന്നും ചരിത്രത്തിൽ നിന്ന് പാകിസ്താൻ പാഠങ്ങളൊന്നും പഠിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിനുവേണ്ടിയുള്ള സൈനികരുടെ ത്യാഗം അനശ്വരമാണെന്നും കാർഗിൽ വിജയ് ദിവസിന്‍റെ രൂപത്തിൽ എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ കാലങ്ങളിൽ പാകിസ്താൻ നടത്തിയ എല്ലാ കുത്സിത ശ്രമങ്ങളും പരാജയപ്പെട്ടു. എന്നാൽ പാകിസ്താൻ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. തീവ്രവാദത്തിന്‍റെ സഹായത്തോടെ അവർ പ്രസക്തമായി നിലനിൽക്കാൻ ശ്രമിക്കുകയാണ്. ഇന്ന് ഞാൻ സംസാരിക്കുന്നത് ഭീകരവാദത്തിന്‍റെ യജമാനന്മാർക്ക് എന്‍റെ ശബ്ദം നേരിട്ട് കേൾക്കാൻ കഴിയുന്ന സ്ഥലത്ത് നിന്നുകൊണ്ടാണ്. ഭീകരവാദത്തിന്‍റെ ഈ രക്ഷാധികാരികളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, അവരുടെ നികൃഷ്ടമായ ഉദ്ദേശ്യങ്ങൾ ഒരിക്കലും വിജയിക്കില്ല. നമ്മുടെ സൈനികർ ഭീകരവാദത്തെ പൂർണ്ണ ശക്തിയോടെ തകർക്കും -പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.