പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: അധികബാച്ചുകള്‍ അനുവദിച്ചു; മലപ്പുറത്ത് 120, കാസര്‍കോട്ട് 18
മലപ്പുറം ജില്ലയിൽ ഹ്യുമാനിറ്റിസിലും കോമേഴ്സിലുമാണ് പുതിയ ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ താത്ക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലപ്പുറത്ത് 120 അധിക ബാച്ചുകളും കാസർകോട്ട് 18 ബാച്ചുകളും അനുവദിക്കും. പുതിയ താത്ക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് സർക്കാർ വിദ്യാലയങ്ങൾ മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.മലപ്പുറം ജില്ലയിൽ ഹ്യുമാനിറ്റിസിലും കോമേഴ്സിലുമാണ് പുതിയ ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഹ്യുമാനിറ്റിസ് ബാച്ചിൽ 59-ഉം കോമേഴ്സിൽ 61-ഉം ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ഒരു സയൻസ് ബാച്ചും നാല് ഹ്യുമാനിറ്റിസ് ബാച്ചും 13 കൊമേഴ്സ് ബാച്ചുകളുമാണ് കാസർകോട് ജില്ലയിൽ അനുവദിച്ചിരിക്കുന്നത്. ഇരു ജില്ലകളിലുമായി 138 താത്ക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിനായി 14.90 കോടി രൂപയുടെ സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.ഒന്നാം വർഷം പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് മലപ്പുറം, കാസർകോട് ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, മലപ്പുറം ജില്ലയിൽ കുറവുള്ള സീറ്റുകളുടെ എണ്ണം പരിശോധിച്ച് താത്ക്കാലിക അഡിഷണൽ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ, മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സമർപ്പിച്ചിരുന്നു. കാസർകോട് ജില്ലയിലെ സ്ഥിതി കണ്ണൂർ വിദ്യാഭ്യാസ ഉപമേധാവിയും റിപ്പോർട്ട് സമർപ്പിച്ചു.