സമ്പൂർണ ഭൗമ വിവര നഗരസഭയായി പെരിന്തൽമണ്ണ
നഗരസഭ പരിധിയിലെ ഭൂമിയിലുള്ള നിർമ്മിതികളുടെയും ജലാശയങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെയും വിവരങ്ങൾ വിവിധതരത്തിലെ മാപ്പുകളാക്കി ശേഖരിക്കും

പെരിന്തൽമണ്ണ: സമ്പൂർണ ഭൗമ വിവര നഗരസഭയായി പെരിന്തൽമണ്ണയെ മാറ്റുന്നതിന്റെ ഭാഗമായ ഡ്രോൺ മാപ്പിംഗ് പൂർത്തിയായി. നഗരസഭ പരിധിയിലെ ഭൂമിയിലുള്ള നിർമ്മിതികളുടെയും ജലാശയങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെയും വിവരങ്ങൾ വിവിധതരത്തിലെ മാപ്പുകളാക്കി ശേഖരിക്കും. ഡ്രോൺ മാപ്പിംഗിലൂടെയും നേരിട്ടുള്ള വിവരശേഖരണത്തിലൂടെയും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ജിയോ മാപ്പിംഗ് നടത്തിയാണ് ഭൗമ വിവരങ്ങളെല്ലാം ഒറ്റ ക്ലിക്ക് ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നത്. പദ്ധതി പൂർത്തിയാക്കുന്നതോടെ നഗരസഭയിലെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന വിധത്തിലെ പ്രത്യേക ആപ്പും പ്രവർത്തനക്ഷമമാക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ജി.ഐ.എസ് മാപ്പിംഗ് പൂർത്തിയാക്കുന്നത്. പരിശീലനം നേടിയ 50ഓളം പേർ നഗരസഭാ പരിധിയിലെ വീടുകളിലെത്തി സാമൂഹിക സാമ്പത്തിക സർവ്വേ നടത്തുന്നുണ്ട്. ഡ്രോൺ മാപ്പിംഗിന്റെ ഉദ്ഘാടനം നഗരസഭ ഓഫീസ് പരിസരത്ത് ചെയർമാൻ പി.ഷാജി നിർവഹിച്ചു. യോഗത്തിൽ വൈസ് ചെയർപേഴ്സൺ എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ്, കെ. ഉണ്ണികൃഷ്ണൻ, അഡ്വ. ഷാൻസി, നെച്ചിയിൽ മൻസൂർ, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.