സെന്റർ ഫോർ ക്ലീൻ എനർജി ആൻഡ് സർക്കുലർ ഇക്കണോമി ഉദ്ഘാടനംചെയ്തു
ശുദ്ധജലം, ശുചിത്വം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്
കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എൻ.ഐ.ടി.സി) ശുദ്ധവും സുസ്ഥിരവുമായ ഊർജത്തിന് ഫലപ്രദമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് സെന്റർ ഫോർ ക്ലീൻ എനർജി ആൻഡ് സർക്കുലർ ഇക്കണോമി (സി.സി.ഇ.സി.ഇ) എന്ന പുതിയ സെന്റർ ഉദ്ഘാടനം ചെയ്തു. ശുദ്ധജലം, ശുചിത്വം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.സുസ്ഥിരവും വൃത്തിയുള്ളതുമായ സ്മാർട്ട് സിറ്റികൾക്കും സമൂഹങ്ങൾക്കുമായി സാങ്കേതികവിദ്യകളും പരിഹാരങ്ങളും സൃഷ്ടിക്കുന്നതിലും കാലാവസ്ഥാ പ്രതിരോധം വർദ്ധിപ്പിക്കുന്നതിലും സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കും. ചടങ്ങിൽ ഡൽഹിയിലെ എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ടി.ഇ.ആർ.ഐ) ഡയറക്ടർ ജനറൽ ഡോ. വിഭാ ധവാൻ മുഖ്യാതിഥിയായി പങ്കെടുത്തു. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.ശുദ്ധമായ ഊർജവും സർക്കുലർ സമ്പദ്‌വ്യവസ്ഥയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ ഉത്തരവാദിത്തത്തെ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് സ്ഥാപനങ്ങളുമായും എൻ.ഐ.ടി കാലിക്കറ്റ് ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേരളത്തിലെ എനർജി മാനേജ്‌മെന്റ് സെന്റർ, നോൺകൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്‌നോളജി ഏജൻസി ആയ അനെർട്, യു. കെ.യിലെ ബ്രൂണൽ യൂണിവേഴ്‌സിറ്റി എന്നിവയുമായാണ് ധാരണാപത്രം ഒപ്പുവച്ചത്.