ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് ഫോട്ടോ നിയമങ്ങൾ സെപ്തംബർ ഒന്നുമുതൽ

ദുബായ് : ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കുന്നതിനും പുതിയതായി അപേക്ഷിക്കുന്നതിനും പ്രവാസികൾ ഇനി മുതൽ കർശനമായ ഫോട്ടോ മാനദണ്ഡങ്ങൾ പാലിക്കണം. സെപ്തംബർ ഒന്നുമുതൽ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഫോട്ടോ മാത്രമേ സ്വീകരിക്കുവെന്ന് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുതിയ നിർദേശങ്ങൾ:
ഫോട്ടോ ഫോർമാറ്റ്: വെളുത്ത പശ്ചാത്തലത്തിലുള്ള കളർ ഫോട്ടോ, 630x810 പിക്‌സൽ
ഫ്രെയിമിംഗ്: മുഖവും ചുമലിനു മുകളിലെഭാഗവും ഉൾപ്പെടുത്തി, മുഖം 80–85 ശതമാനം ഫ്രെയിമിൽ വരണം
ഗുണമേന്മ: കമ്പ്യൂട്ടർ എഡിറ്റിങ്/ഫിൽറ്ററുകൾ ഇല്ല, സ്വാഭാവിക നിറം വ്യക്തമാകണം, മങ്ങലോ ബ്ലർ ഇല്ലാതിരിക്കുക
ലൈറ്റിംഗ്: ഒരേവിധത്തിലുള്ള പ്രകാശം, ഷാഡോ, റെഡ് ഐ, ഗ്ലെയർ ഒന്നും പാടില്ല.
മുഖഭാവം: കണ്ണുകൾ തുറന്നിരിക്കണം, വായ അടഞ്ഞിരിക്കണം, മുഖം നേരെ മുന്നോട്ട്, തല ചായ്ച്ചിരിക്കരുത്.
ആക്‌സസറികൾ: കണ്ണട ഒഴിവാക്കണം, മതപരമായ കാരണങ്ങൾക്കല്ലാതെ തലമൂടി അനുവദിക്കില്ല. മുഖം നെറ്റിവരെ മുഴുവൻ വ്യക്തമായി കാണണം. സ്വാഭാവികമായ മുഖഭാവം.
ദൂരം: ക്യാമറ 1.5 മീറ്റർ അകലത്തിൽനിന്ന് എടുക്കണം.