വയനാട് തുരങ്കപാത നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കോഴിക്കോട്: സംസ്ഥാനത്തിന്റെ സ്വപ്നമായ വയനാട് തുരങ്കപാത യാഥാർഥ്യമാവുന്നു. ആനക്കാംപൊയിലിൽ– കള്ളാടി– മേപ്പാടി ഇരട്ട തുരങ്ക പാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ മൈതാനത്ത് നടന്ന കല്ലിടൽ ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ഒ ആർ കേളു, എ കെ ശശീന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
60 മാസംകൊണ്ട് പൂർത്തിയാക്കും
വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിയാണ് എൽഡിഎഫ് സർക്കാർ തുറന്നിടുന്നത്. ടൂറിസം, കാർഷിക, വ്യാപാര മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. 60 മാസംകൊണ്ട് പൂർത്തിയാക്കുന്ന പാത താമരശേരി ചുരത്തിലെ മുടിപിൻ വളവുകളിൽ കയറാതെ വയനാട്ടിലേക്കുള്ള വേഗ മാർഗമാകും. കിഫ്‌ബി വഴി 2,134 കോടി രൂപ ചെലവിൽ നാലുവരിയായാണ് നിർമാണം. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ) ആണ് നിർവഹണ ഏജൻസി. തുരങ്ക മുഖത്തേക്കുള്ള പ്രധാനപാതയുടെ പ്രവൃത്തി ആരംഭിച്ചു. പാരിസ്ഥിതികാനുമതിയടക്കം സ്വന്തമാക്കിയാണ് ടെൻഡറിലേക്ക് കടന്നത്.
ഇരട്ട തുരങ്കത്തിലൂടെ നാലുവരി പാത
ഇരട്ട തുരങ്കങ്ങളായാണ് നിർമാണം. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്‌റ്റം, ടെലിഫോൺ സിസ്‌റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്‌റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങൾ കണ്ടെത്തി സിഗ്‌നൽ നൽകും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകൾ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയിൽ പാലങ്ങൾക്കും കലുങ്കുകൾക്കും പുറമേ അടിപ്പാതയും സർവീസ് റോഡുമുണ്ട്. ചുരമില്ലാ ബദൽ പാതയെന്ന വയനാടിന്റെ ചിരകാലസ്വപ്‌നമാണ് യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്.
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പൻ തെളിച്ച പാതയിലൂടെയാണ് ഇപ്പോഴും താമരശേരി ചുരം കയറിയിറങ്ങുന്നത്. കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന്റെ പ്രധാന ഇടനാഴികൂടിയാണ് ചുരം. പലപ്പോഴും ഗതാഗതകുരുക്ക് മണിക്കൂറുകൾ നീളും. ചുരത്തിന്റെ വികസനത്തിൽ പരിമിതികളുണ്ട്. വനം മന്ത്രാലയത്തിന്റെ അനുമതിയടക്കമുള്ളവയും പ്രതിസന്ധികളാണ്. വാഹനപ്പെരുപ്പംകൂടിയതോടെയാണ് ബദൽ പാതയെന്ന ആശയം ഉയർന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിൽ എൽഡിഎഫാണ് ആനക്കാംപൊയിലിൽനിന്ന് വയനാട് മേപ്പാടിയിലെ കള്ളാടിവരെ തുരങ്കപാത നിർമിക്കാമെന്ന ആശയം മുന്നോട്ടുവച്ചത്. 2016ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ നൂറുദിന കർമപരിപാടിയിൽ പദ്ധതി ഇടംപിടിച്ചു. തുടർന്നിങ്ങോട്ട് ഇച്ഛാശക്തിയോടെ നടത്തിയ പ്രവർത്തനങ്ങളാണ് തുരങ്കപാതയെന്ന ആശയത്തിന് ജീവനേകിയത്.