ന്യൂഡൽഹി : കോട്ടയം ജില്ലയിലെ പമ്പാവാലി, ഏയ്ഞ്ചൽവാലി മേഖലയെ പെരിയാർ കടുവാസങ്കേതത്തിന്റെ ബഫർസോണിൽ നിന്ന് ഒഴിവാക്കും. ഈ പ്രദേശത്തെ 502.723 ഹെക്ടർ ജനവാസമേഖല ബഫർസോണിൽ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ ദേശീയ വന്യജീവി ബോർഡ് അംഗീകരിച്ചു. ഏറെനാളത്തെ ആശങ്കയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത് . പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സർവേ നടത്താനും സംസ്ഥാന സർക്കാർ നിർദേശിച്ച പ്രദേശങ്ങൾ ഒഴിവാക്കി ബഫർസോൺ പുനർനിർണയിക്കാനും ഇന്നലെ നടന്ന ദേശീയ വന്യജീവി ബോർഡ് യോഗം തീരുമാനിച്ചു. ബോർഡ് നിർദേശ പ്രകാരം ഒരു മാസത്തിനകം ബഫർസോൺ പരിധി പുനർനിർണയിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ ഒഴിവാക്കാൻ 2023 ജനുവരി 19ന് സംസ്ഥാന വന്യജീവി ബോർഡ് തീരുമാനമെടുത്തെങ്കിലും ഒരു വർഷം വൈകി 2024 ജനുവരി 2 നാണ് ശുപാർശ കേന്ദ്ര സർക്കാരിനു കൈമാറിയത്. സംസ്ഥാനങ്ങളുടെ ശുപാർശ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് പോർട്ടൽ വഴി സമർപ്പിക്കണം എന്നതാണു ചട്ടം. ഈ വിവരം അറിയിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാനത്തിന്റെ ഫയൽ തിരിച്ചയച്ചു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിവേഷ് പോർട്ടൽ വഴി സംസ്ഥാന സർക്കാർ വിവരങ്ങൾ അപ്‌ലോഡ് ചെയ്തത്.ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണനാണ് ദേശീയ വന്യജീവി ബോർഡിൽ സംസ്ഥാനത്തിന്റെ പ്രതിനിധി.
അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ക്ക് അഭിമാനിക്കാം ,മലയോരത്തിനൊപ്പം ,ജനങ്ങളോടൊപ്പം എം എൽ എ
സോജൻ ജേക്കബ്
എരുമേലി :പമ്പാവാലി,എയ്ഞ്ചൽ വാലി പ്രദേശങ്ങൾ ബഫർസോൺ പരിധിയിൽ നിന്ന് ഒഴിവാകുമ്പോൾ പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കലിന് അഭിമാനിക്കാം .ഈ പ്രശ്നത്തിൽ ജനങ്ങളോടൊത്ത് നിന്ന് പേപ്പർ വർക്കുകൾ കൃത്യതയോടെ ചെയ്തതിന്റെ ഗുണമാണ് മലയോരനാടിന് ഗുണമായത് .
എം എൽ എ കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ കുറിച്ചത് .......
"എരുമേലി ഗ്രാമപഞ്ചായത്ത് 11,12 വാർഡുകളായ പമ്പാവാലി,എയ്ഞ്ചൽ വാലി പ്രദേശങ്ങൾ 1950 കാലഘട്ടം മുതൽ ജനവാസ മേഖലകളാണ്. അന്നത്തെ തിരു-കൊച്ചി സർക്കാർ ഗ്രോമോർ ഫുഡ് പദ്ധതി പ്രകാരം കർഷകർക്ക് ഭൂമി നൽകി കർഷകരെ കുടിയിരുത്തിയ പ്രദേശം. എന്നാൽ പിന്നീട് 1978-ൽ കടുവാ സംരക്ഷണത്തിനായി പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ചപ്പോൾ, പതിറ്റാണ്ടുകളായി ജനവാസ മേഖലകളായിരുന്ന പമ്പാവാലിയും, എയ്ഞ്ചൽവാലിയും പെരിയാർ ടൈഗർ റിസർവ്വിൽ ഉൾപ്പെടുത്തിയാണ് അന്നത്തെ സർക്കാർ കടുവ സംരക്ഷണകേന്ദ്രം രൂപീകരിച്ചത്. പിന്നീട് ഒരിക്കലും
ഈ പിശക് തിരുത്തപ്പെട്ടില്ല. എന്നാൽ ഞാൻ എംഎൽഎ ആയതിനു ശേഷം ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് ഈ പ്രശ്നം മനസ്സിലാക്കിയതിനെ തുടർന്ന് ജനവാസ മേഖലകളായ പമ്പാവാലിയും, എയ്ഞ്ചൽവാലിയും പെരിയാർ ടൈഗർ റിസർവ്വിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, ബഹു. വനം വകുപ്പ് മന്ത്രി ശ്രീ എ.കെ ശശീന്ദ്രനും നിവേദനം നൽകുകയും, തുടർന്ന് വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 19.01.2023 ൽ ജനവാസ മേഖലകളായ പമ്പാവാലിയെയും എയ്ഞ്ചൽവാലിയെയും പെരിയാർ ടൈഗർ റിസർവിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ബഹു. മുഖ്യമന്ത്രി അധ്യക്ഷനായതും, ഞാൻ കൂടി അംഗമായതുമായ സംസ്ഥാന വനം-വന്യജീവി ബോർഡ് തീരുമാനമെടുക്കുകയുണ്ടായി. തുടർന്ന് ഇത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും ശേഖരിച്ച് പരിവേഷ് പോർട്ടലിൽ ഈ തീരുമാനം അംഗീകരിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വനം വന്യജീവി ബോർഡിന് പ്രൊപ്പോസൽ സമർപ്പിക്കുകയുണ്ടായി. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് കേന്ദ്ര വനം- വന്യജീവി ബോർഡ് ഈ പ്രൊപ്പോസൽ തിരികെ അയക്കുകയാണ് ചെയ്തത്.
അതേതുടർന്ന് കേന്ദ്ര നിർദ്ദേശങ്ങൾക്ക് അനുസൃതമായി വീണ്ടും പ്രൊപ്പോസൽ പുന സമർപ്പിക്കുന്നതിന് വേണ്ടി അടിയന്തരമായി സംസ്ഥാന വനം-വന്യജീവി ബോർഡ് വിളിച്ചു ചേർക്കണമെന്ന് അഭ്യർത്ഥിച്ച് ബോർഡ് ചെയർമാനായ ബഹു.മുഖ്യമന്ത്രിക്കും, വൈസ് ചെയർമാനായ ബഹു.വനം മന്ത്രിക്കും വീണ്ടും കത്ത് നൽകുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തതിന്റെ വെളിച്ചത്തിൽ സംസ്ഥാന വനം-വന്യജീവി ബോർഡ് 05.10.2024 ശനിയാഴ്ച ഓൺലൈനായി അടിയന്തരയോഗം ചേരുകയും, പ്രസ്തുത യോഗത്തിൽ കേന്ദ്ര ഗവൺമെന്റ് ആവശ്യപ്പെട്ട പ്രകാരമുള്ള ശുപാർശകൾ കൂടി നൽകി പമ്പാവാലിയെയും, എയ്ഞ്ചൽ വാലിയേയും പെരിയാർ ടൈഗർ റിസർവ്വിൽ നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ തീരുമാനമെടുത്ത് അടിയന്തരമായി കേന്ദ്ര വനം വന്യജീവി ബോർഡിന് സമർപ്പിക്കാൻ നിശ്ചയിച്ചു. 09.10.2024 ൽ ബഹു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ യോഗത്തിൽ വച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിൽപ്പെട്ട ആയിരത്തിലധികം കർഷക കുടുംബങ്ങൾ താമസിക്കുന്ന, ഇതിനോടകം രണ്ടാം പിണറായി സർക്കാർ പട്ടയം നൽകി കഴിഞ്ഞിട്ടുള്ള പമ്പാവാലി, എയ്ഞ്ചൽ വാലി മേഖലകൾ പെരിയാർ ടൈഗർ റിസർവ്വിൽ നിന്നും ആത്യന്തികമായി ഒഴിവാക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇനിയും മുടന്തൻ ന്യായങ്ങൾ ഉന്നയിച്ച് കേന്ദ്ര വനം-വന്യജീവി ബോർഡ് പമ്പാവാലിയെയും എയ്ഞ്ചൽ വാലിയെയും പെരിയാർ ടൈഗർ റിസർവിൽ നിന്നും ഒഴിവാക്കാനുള്ള പ്രൊപ്പോസൽ മടക്കുകയില്ലെന്ന് പ്രത്യാശിക്കുന്നു."
ഏതായാലും എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പ്രത്യാശ ...പമ്പാവാലി ,എയ്ഞ്ചൽ വാലി നാടിനെ പെരിയാർ ടൈഗർ റിസേർവിൽ നിന്ന് ബഫർ സോണിൽ നിന്ന് ഒഴിവാക്കിയതോടെ അന്വര്ഥമാക്കിയിരിക്കുകയാണ് .സർക്കാരിനും ,വനം വകുപ്പിനും ,പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിനും പോരാട്ടത്തിനായി മുന്നിട്ടിറങ്ങിയ എല്ലാവർക്കും അഭിമാനിക്കാം .അഭിനന്ദനങ്ങൾ ......
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.